സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ കാറ്റ​ഗറി അവ​ഗണിക്കപ്പെട്ടതിൽ നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ്.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ കാറ്റ​ഗറി അവ​ഗണിക്കപ്പെട്ടതിൽ നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ്. കുട്ടികളുടെ സിനിമകൾക്ക് പ്രോത്സാഹനം ഇല്ലെങ്കിൽ സിനിമകൾ ഉണ്ടാകില്ലെന്നും വിനേഷ് അഭിപ്രായപ്പെട്ടു. അവാർഡ് നൽകാത്തതിന്റെ മാനദണ്ഡം എന്താണെന്ന് മനസിലാകുന്നില്ല. ജൂറിയുടെ വിലയിരുത്തൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നത് പോലെയെന്നും വിനേഷ് വിമർശിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വിനേഷിന്റെ പ്രതികരണം. ചലച്ചിത്ര അവാര്‍ഡ് പുരസ്കാരത്തിലെ ബാലതാര അവാര്‍ഡ് വിവാദത്തിലായിരുന്നു വിനേഷിന്‍റെ പ്രതികരണം. 

കൂടാതെ 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങള്‍ക്ക് പുരസ്കാരം നൽകാത്തതിൽ വിമര്‍ശനവുമായി ബാലതാരം ദേവനന്ദയും പ്രതികരിച്ചു. കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അവാര്‍ഡ് പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാൻ പ്രകാശ് രാജ് കുട്ടികളുടെ അവാര്‍ഡ് സംബന്ധിച്ച പ്രതികരണം നടത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം. കുട്ടികളുടെ സിനിമ കൂടുതൽ ചെയ്യണം എന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച് കൊണ്ടല്ലെന്നും ദേവനന്ദ പറയുന്നു. നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളു, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുതെന്ന് പറഞ്ഞുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം.

പ്രകാശ് രാജ് പറഞ്ഞത്

ഇത്തവണ ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരത്തിൽ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കുട്ടികളുടെ ചിത്രം നിര്‍മിക്കുന്നതിനെക്കുറിച്ച് സിനിമ മേഖലയിലുള്ളവര്‍ ചിന്തിക്കണമെന്നായിരുന്നു ജൂറി ചെയര്‍മാൻ പ്രകാശ് രാജ് ഇന്നലെ പ്രതികരിച്ചത്. യുവാക്കളും യുവതികളും മുതിര്‍ന്നവരും മാത്രമല്ല സമൂഹത്തിലുള്ളത്. കുട്ടികളുടെ സമൂഹത്തിന്‍റെ ഭാഗമാണ്. എന്താണ് കുട്ടികള്‍ ചിന്തിക്കുന്നതെന്നും അവരുടെ ലോകം എന്താണെന്നും കുട്ടികളുടെ സിനിമകളിലൂടെ കാണിക്കണം. സിനിമകളിൽ കുട്ടികള്‍ അഭിനയിച്ചുവെന്ന് കരുതി അത് കുട്ടികളുടെ സിനിമയാകില്ല. കുട്ടികള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ആ സിനിമയിലൂടെ പുറത്തുവരേണ്ടതുണ്ട്. ഒരു സിനിമയും കുട്ടികളുടെ ഭാഗത്തുനിന്നുള്ളതായി ഉണ്ടായില്ലെന്നുമായിരുന്നു പ്രകാശ് രാജ് പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്