Asianet News MalayalamAsianet News Malayalam

ബിരിയാണി കച്ചവടം നടത്തുന്ന ട്രാൻസ്‌ജെൻഡർ യുവതിക്ക് നേരെ ആക്രമണം; യുവജനകമ്മീഷൻ കേസെടുത്തു

ട്രാൻസ്‌ജെൻഡർ വിഭാഗം ഉൾപെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല എന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം.

Kerala State Youth Commission support transgender woman who posted live video on facebook
Author
Thiruvananthapuram, First Published Oct 13, 2020, 6:08 PM IST

തിരുവനന്തപുരം: എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണത്തിൽ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു. ട്രാൻസ്‌ജെൻഡർ യുവതിക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് യുവജന കമ്മീഷൻ നിർദേശം നൽകി. 

ട്രാൻസ്‌ജെൻഡർ വിഭാഗം ഉൾപെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല എന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. സജനയുടെ വിഷയത്തിൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാനും സജനക്ക് തൊഴിലെടുത്ത് ജീവിക്കാനുളള എല്ലാ സാഹചര്യവും ഒരുക്കികൊടുക്കാനും വേണ്ട ഇടപെടീൽ നടത്തുമെന്നും കൂട്ടിച്ചേർത്തു.

ബിരിയാണി തയ്യാറാക്കി അത് വാഹനത്തില്‍ കൊണ്ടുപോയി വില്‍പന നടത്തുന്ന ജോലിയാണ് സജ്‌നയക്ക്. എന്നാല്‍ കച്ചവട സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് ഇവരെയും കൂടെയുള്ള മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളേയും അധിക്ഷേപിക്കുകയും അവരുടെ ജോലിയെ തടസപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് സജ്‌നയുടെ പരാതി. 

ഇക്കാര്യം സംബന്ധിച്ച് പൊലീസില്‍ പരാതി ബോധിപ്പിച്ചുവെങ്കിലും അവരില്‍ നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്നും സജ്‌ന ലൈവ് വീഡിയോയിലൂടെ പറയുന്നു. വില്‍പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിപ്പൊതികള്‍ വിറ്റഴിക്കാനാകാതെ തിരിച്ച് പോവുകയായിരുന്നു. തന്‍റെ ദുരവസ്ഥ വിവരിച്ച് സജ്ന ഫേസ്ബുക്കില്‍ ലൈവ് വന്നോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

Follow Us:
Download App:
  • android
  • ios