ബെയ്ജിംഗ്: കോറോണ വൈറസ് ബാധ പടരുന്ന ചൈനയിലെ വുഹാനിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങി. ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെയാണ് സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. ഗതാഗതമടക്കമുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ നാട്ടിലേക്ക് മടങ്ങാനാകുന്നില്ലെന്ന്  വുഹാൻ സർവകലാശാലയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വുഹാൻ സർവകലാശാലയിലെ 56 ഇന്ത്യൻ വിദ്യാർത്ഥികളാണ് ചൈനയിൽ കുടങ്ങിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും മലയാളികളാണ്. എല്ലാവരും ക്യാമ്പസിനുള്ളിലാണ്. ഭക്ഷണം ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്യാമ്പസിനകത്തെ ആര്‍ക്കും വൈറസ് ബാധയേറ്റതായി അറിയില്ല. താല്‍ക്കാലികമായി ഗതാഗത സംവിധാനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ടാക്സിയടക്കമുള്ള സേവനങ്ങള്‍ ലഭിക്കുന്നില്ല. വുഹാനില്‍ കൊറോണ വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. വൈറസ് ബാധ തടയുന്നതിനായാണ് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍വകലാശാലയില്‍ ഇപ്പോള്‍ അവധിക്കാലമാണ്. 

ഭക്ഷണമെത്തിക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രോഗം ബാധിച്ച ആളുകളെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ മടങ്ങാനാവില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും സമാന അവസ്ഥയാണ്. ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ട്  വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ഇന്ത്യന്‍ എംബസി സഹായ വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

"