ദില്ലി: വിവാദങ്ങൾക്കൊടുവിൽ കേന്ദ്ര പരിസ്ഥിതി ആഘാത നിയമഭേദഗതിയിൽ കേരളം നാളെ നിലപാട് അറിയിക്കും. കരടിലെ ചില വ്യവസ്ഥകളിൽ മാറ്റമാകും സംസ്ഥാനം ആവശ്യപ്പെടുക.  അഭിപ്രായം അറിയിക്കാനുള്ള അവസാന  തിയ്യതി നാളെയാണ്. സംസ്ഥാനം നിലപാട് അറിയിക്കാൻ വൈകിപ്പോയെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിലവിലെ പരിസ്ഥിതി നിയമങ്ങൾ പൊളിച്ചെഴുതുന്ന ഈഐഎ ഭേദഗതിയിൽ  സംസ്ഥാന പാരിസ്ഥിതിക ആഘാത നിർണ്ണയ സമിതി സർക്കാരിന് മൂന്ന് മാസം മുൻപ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ നിലപാട് അറിയിക്കാത്തതും വലിയ ചർച്ചയായി.  സാമൂഹികമാധ്യമങ്ങളിൽ ഇഐഎ വിരുദ്ധ പ്രചാരണം ശക്തമായതിനിടെ സംസ്ഥാനം എതിർപ്പ് അറിയിക്കാത്തതിനെതിരെയും ആരോപണങ്ങൾ ശക്തമായി.  

സിപിഎം നേതാക്കൾ എതി‍ർക്കുന്ന ഭേദഗതിയിൽ കേരള സർക്കാർ നിലപാട് അറിയിക്കാത്തത് വിവാദമായതിനെ പിന്നാലെയാണ് അവസാനനിമിഷം സംസ്ഥാനം തീരുമാനമെടുത്തത്. ജില്ലാ തല പരിസ്ഥിതി ആഘാത കമ്മിറ്റികൾ പുനസ്ഥാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളായിരുന്നു സംസ്ഥാന പാരിസ്ഥിതിക ആഘാത നിർണ്ണയ സമിതി സർക്കാറിന് നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ. ഇതടക്കം ഉൾപ്പെടുത്തിയാകും കേരളം നിലപാട് അറിയിക്കുക

പരിസ്ഥതി ലോല മേഖലകളിലെ ഖനനാനുമതി,അതിരപ്പളളി അടക്കമുളള ജലവൈദ്യുത പദ്ധതികൾ, മലിനകീരണ പ്രശ്നമുണ്ടാക്കുന്ന ഫാക്ടറികൾ, ദേശീയപാത അടക്കം റോഡ് വികസനത്തിനായുളള  സ്ഥലം ഏറ്റെടുക്കൽ, ഫ്ലാറ്റുകളും മാളുകളും  അടക്കമുളള വൻകിട നിർമ്മാണങ്ങൾ ഇവയിലെല്ലാം പാരിസ്ഥിതിക അനുമതിയിലെ ഇളവ് വലിയ പ്രത്യാഘാതമുണ്ടാക്കും. പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും അടക്കം വലിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന ഘട്ടത്തിൽ തന്നെ പരിസ്ഥിതി നിയമത്തിൽ വെളളം ചേർക്കുന്ന നടപടികൾക്ക് സർക്കാർ വേണ്ടത്ര ഗൗരവം കൊടുത്തില്ലെന്ന വിമർശനമാണ് തുടരുന്നത്.