Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നാളെ മുതൽ; സമ്പൂർണ്ണ ലോക്ഡൗൺ ടിപിആർ 30ന് മുകളിലുള്ള മേഖലകളിൽ മാത്രം

  • അവശ്യസാധനങ്ങൾ വിൽക്കുന്ന കടകള്‍ 7 മുതൽ 7 വരെ.
  • ആരാധനാലയങ്ങളും വിനോദകേന്ദ്രങ്ങളും തുറക്കില്ല. 
  • 30 ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു.
kerala to open up from thursday state to be divided into zones based on test positivity
Author
Delhi, First Published Jun 16, 2021, 6:45 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ അതി തീവ്ര മേഖലകളിലൊഴികെ മറ്റെല്ലായിടങ്ങളിലും പൂർണ്ണമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും. നാളെ മുതൽ ടിപിആർ നിരക്കിന്‍റെ അടിസ്ഥാനത്തിൽ എ,ബി,സി,ഡി എന്നിങ്ങനെ നാലായി തിരിച്ചാണ് ഇളവുകൾ. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 8ൽ താഴെയുള്ള മേഖലകളാണ് എ വിഭാഗത്തിൽ. ഇവിടെ സർക്കാർ സ്ഥാപനങ്ങൾ 25 ശതമാനം ഹാജരിൽ പ്രവർത്തിക്കും. എല്ലാ കടകളും തുറക്കാം. ഓട്ടോ ടാക്സി സർവീസുകൾക്കും അനുമതിയുണ്ട്. ബീവറേജസ് ഔട്ട്ലറ്റുകളും തുറക്കും. 

8 മുതൽ 20വരെ ടിപിആർ നിരക്കുള്ള മേഖലകളാണ് ബി വിഭാഗത്തിൽ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ഓട്ടോ ടാക്സി സർവീസുകൾ അനുവദിക്കില്ല. ബീവറേജസ് ഔട്ട്ലറ്റുകൾ തുറക്കും. 20നും 30നും ഇടയിൽ ടിപിആർ ഉള്ള സി വിഭാഗത്തിൽ നിയന്ത്രണങ്ങൾ ശക്തമാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാ ദിവസും തുറക്കാം. ചെരിപ്പ്കടകൾ, സ്റ്റേഷനറി, തുണിക്കടകൾ എന്നിവക്ക് വെള്ളിയാഴ്ച മാത്രമാണ് അനുമതി. ഹോട്ടലുകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പാഴ്സൽ വിൽക്കാൻ അനുമതിയുണ്ട്.

എ,ബി,സി മേഖലകൾ ശനിയും ഞായറും സമ്പൂർണ്ണ ലോക്ഡൗണിലാകും. മുപ്പതിന് മേൽ ടിപിആറുള്ള അതിതീവ്രമേഖലകളിൽ എല്ലാ ദിവസവും പൂർണ്ണ ലോക്ഡൗണ്‍ തുടരും. കോഴിക്കോട്, കണ്ണൂർ, ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ടിപിആർ മുപ്പതിൽ കൂടുതലുളള തദ്ദേശ സ്ഥാപനങ്ങളില്ല.

ഇന്ന് മുതൽ സംസ്ഥാനത്ത് 30 ട്രെയിനുകൾ കൂടി സർവീസ് പുനരാരംഭിക്കും. കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം - കണ്ണൂർ ഇന്‍റർസിറ്റി, വേണാട് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, കൊച്ചുവേളി - മൈസൂർ പ്രതിദിന ട്രെയിൻ, പാലരുവി എക്സ്പ്രസ്, തിരുവനന്തപുരം - മംഗലാപുരം എക്സപ്രസ്, എറണാകുളം - ബംഗലുരു ഇന്‍റർസിറ്റി എന്നീ ട്രെയിനുകളാണ് പ്രധാനമായും സർവീസ് വീണ്ടും തുടങ്ങുന്നത്. കൊച്ചുവേളി ലോകമാന്യതിലക് എക്സ്പ്രസ് ഈ മാസം 27ന് ശേഷം ഓടിത്തുടങ്ങും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

 

 

Follow Us:
Download App:
  • android
  • ios