തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട് നിന്ന അടച്ചിടലിന് ശേഷം തുറന്ന ടൂറിസം മേഖല സഞ്ചാരികള്‍ കാര്യമായി എത്താത്തതോടെ പ്രതിസന്ധിയില്‍.മിക്ക ഹോട്ടലുകളിലും കാര്യമായ ബുക്കിംഗ് ഇല്ല. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നതാണ് തിരിച്ചടിക്ക് കാരണമെന്ന് ടൂറിസം മേഖല പറയുന്നു

വളരെ പ്രതീക്ഷയോടെയാണ് ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി സംസ്ഥാനത്തെ ടൂറിസം മേഖല കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നത്.പക്ഷേ രണ്ടാഴ്ചയെത്തുമ്പോള് കാര്യമായ ചലനമില്ല.പൂജാ അവധിക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് കുമരകത്ത് നല്ല ബുക്കിംഗ് ഉണ്ടാകേണ്ടതാണ്.പക്ഷേ പലരും വിളിച്ച് അന്വേഷിക്കുന്നതല്ലാതെ ബുക്ക് ചെയ്യുന്നില്ല

ഇങ്ങനെ പോയാല്‍ നവംബര്‍ അവസാനം തുടങ്ങുന്ന സീസണ്‍ സമയം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് റിസോര്‍ട്ട് - ഹോട്ടല്‍ മേഖല.കഴിഞ്ഞ ആറ് മാസമായി ഹൗസ് ബോട്ടുകള്‍ ഈ കിടപ്പാണ്.ടൂറിസത്തിന് ഇളവ് നല്‍കിയപ്പോള്‍ സഞ്ചാരികള്‍ ധാരാളമെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.പക്ഷേ അതുണ്ടായില്ല. മലയോര - തീരദേശ മേഖലകളിലും സഞ്ചാരികള്‍ കുറവാണ്.