തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷൻ വിവാദത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. മാര്‍ക്ക് ദാന മാഫിയയാണ് സര്‍വകലാശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച പ്രതിപക്ഷം ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ സര്‍വകലാശാലകളുടെ  അന്തകനാണെന്നും തുറന്നടിച്ചു. മോഡറേഷൻ വിവാദത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്നുമാണ് മന്ത്രി കെടി ജലീലിന്‍റെ ഉറപ്പ്. വിവാദം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട പ്രതിപക്ഷം അതിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. 

 ക്രമക്കേടിന്‍റെ പ്രധാന ഉത്തരവാദിത്തം മന്ത്രിക്കാണെന്ന ആരോപണത്തിലാണ് പ്രതിപക്ഷം ഉറച്ച് നിന്നത്. എംജി സര്‍വകലാശാലക്ക് പുറകെ കേരള സര്‍വകലാശാലയിലും തിരിമറി പുറത്ത് വരുകയാണ്. എന്നാൽ ആരുടേയും പരാതിയുടെ അടിസ്ഥാനത്തിലല്ല ക്രമക്കേട് കണ്ടെത്തിയതെന്നും സര്‍വകലാശാല തന്നെയാണ് ക്രമക്കേട് കണ്ടെത്തിയതെന്നും ഇക്കാര്യത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് അടക്കം നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും സര്‍ക്കാര്‍ സഭയിൽ നിലപാട് എടുത്തു. 


തുടര്‍ന്ന് വായിക്കാം : കേരള സര്‍വകലാശാല മോഡറേഷൻ തട്ടിപ്പ്; മാർക്ക് കച്ചവടത്തിനും സാധ്യത, തിരിമറിക്ക് പിന്നിൽ പണമിടപാട് ?

പ്രതിപക്ഷത്തു നിന്ന് റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് . മന്ത്രിയുടെ വിശദീകരണത്തോടെ പ്രശ്നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാട് സ്പീക്കര്‍ എടുത്തു. പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി