വിസിയും സിൻഡിക്കേറ്റും തമ്മിൽ പോരിനെ തുടർന്നുള്ള കസേരകളി ഇന്നും തുടരുകയാണ്.

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പോരിൽ കടുത്ത നടപടിയിലേക്ക് നീങ്ങി ഗവർണർ. രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ സ്ഥാനത്ത് നിന്ന് നീക്കാനൊരുങ്ങുകയാണ് ചാൻസ‍ലർ കൂടിയായ ഗവര്‍ണര്‍. ചാൻസ‍ലറുടെ തീരുമാനം എന്തായാലും കോടതിയിൽ ചോദ്യം ചെയ്യാനാണ് സിണ്ടിക്കേറ്റ് ശ്രമം. മുൻ ഗവർണറെക്കാൾ കടുപ്പമാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു വിമർശിച്ചു. ഇന്നും കേരള സർവകലാശാലയിൽ ഒരേ സമയം രണ്ട് രജിസ്ട്രാർമാരാണുള്ളത്.

സമവായത്തിൻ്റെ ഒരു സൂചനയുമില്ലാതെ കൂടുതൽ മുറുകുകയാണ് കേരള സർവകലാശാലയിലെ പോര്. സിണ്ടിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയ രജിസ്ട്രാർ പദവിയിൽ തിരിച്ചെത്തിയ കെ എസ് അനിൽകുമാർ ഇന്നും ഓഫീസിലെത്തി. അനിൽകുമാറിനെ അംഗീകരിക്കാതെ വിസി സിസ തോമസ് രജിസ്ട്രാറുടെ ചുമതല നൽകിയ പ്ലാനിഗം ഡയറക്ടർ മിനി കാപ്പനും വന്നു. പ്രതിഷേധം കണക്കിലെടുത്ത് മിനി ഇതുവരെ രജിസ്ട്രാറുടെ ചുമതലയേറ്റിട്ടില്ല. ഉചിതമായ ഫോറം തീരുമാനിക്കട്ടയെന്ന് ഹൈക്കോടതി പറഞ്ഞതോടെ ഇനി ചാൻസ‍ലറുടെ ഊഴമാണ്. രജിസ്ട്രാർ കെഎസ് അനിൽ കുമാറിനെ മാറ്റാനൊരുങ്ങുകയാണ് ഗവർണർ.

സർവ്വകലാശാല നിയമം 7 (3) പ്രകാരം സ്ഥാനത്ത് നിന്ന് നീക്കാനാണ് ​ഗവർണറുടെ ആലോചന. അനിൽകുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയ സിണ്ടിക്കേറ്റ് തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന വിസിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടിക്കൊരുങ്ങുന്നത്. സിണ്ടിക്കേറ്റ് തന്നെ പിരിച്ചുവിടാനും നീക്കമുണ്ടായെങ്കിലും തൽക്കാലം അത്ര കടുപ്പിക്കാനിടയില്ല. രജിസ്ട്രാറെ മാറ്റണമെങ്കിലും സിണ്ടിക്കേറ്റിൻ്റെ ഭാഗം കേൾക്കണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെടുന്നു. ചാൻസ‍ലർ എന്ത് തീരുമാനിച്ചാലും സിണ്ടിക്കേറ്റും അനിൽകുമാറും കോടതിയിലേക്ക് നീങ്ങും. സർക്കാറിൻ്റെ പൂർണ്ണ പിന്തുണയും ഇവർക്കുണ്ട്.

അതേസമയം, സിൻഡിക്കേറ്റ് ചാൻസലർ പിരിച്ചുവിട്ടാൽ അപ്പോൾ കാണാമെന്ന് മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു. സിൻഡിക്കറ്റ് നിയമന അധികാരമുള്ള സംവിധാനമാണ്. സെനറ്റാണ് സർവകലാശാലയുടെ പരമോന്നത സമിതി. വൈസ് ചാൻസലർ റജിസ്ട്രാറെ നിയമിക്കുന്ന ആളല്ല. റജിസ്ട്രാറുടെ നിയമനാധികാരി സിൻഡിക്കറ്റാണ്. റജിസ്ട്രാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണ്. വൈസ് ചാൻസലർമാർ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് ഉത്തരവുകൾ ഇറക്കുന്നത്. ഇത് ശരിയായി നടപടിയല്ല. ഗവർണർ സിൻഡിക്കറ്റിനെ പിരിച്ചുവിടുമെന്ന് ഭീഷണി ഉണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിരിച്ചുവിട്ടാൽ അപ്പോൾ കാണാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിഷയത്തിൽ ഗവർണറെ മാത്രമല്ല സർക്കാറിനെയും കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷം. പ്രശ്നം തീർക്കേണ്ട മുഖ്യമന്ത്രിക്ക് വായ തുറക്കാൻ ഭയമാണെന്ന് വി ഡി സതീശൻ വിമർശിച്ചു.

YouTube video player