തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ സിപിഐയെ തഴഞ്ഞ് സിപിഎമ്മിന്‍റെ ഏകപക്ഷീയ നീക്കം. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ചിറ്റയം ഗോപകുമാർ എംഎൽഎയെ പോലും പിന്തുണയ്ക്കാൻ സിപിഎം തയ്യാറായില്ല. ഇതേത്തുടർന്ന് സിപിഐ തെര‍ഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.

കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു സീറ്റെങ്കിലും തരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഒരു സീറ്റ് പോലും തന്നില്ലെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞു. ഇടതുപക്ഷ ഐക്യത്തിന് വിള്ളലുണ്ടാക്കേണ്ട എന്നതുകൊണ്ടും ഒറ്റയ്ക്ക് മത്സരിക്കേണ്ട എന്ന് പാർട്ടിയുടെ നിർദ്ദേശമുള്ളതിനാലും വോട്ട് ചെയ്യാതെ മാറി നിൽക്കുകയാണെന്നും ​ഗോപകുമാർ എംഎൽഎ വ്യക്തമാക്കി.

കേരള സർവ്വകലാശാലയിൽ 13 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 12 സീറ്റിലും വിജയം ഉറപ്പായ സാഹചര്യത്തിലാണ് സിപിഎം സിപിഐയെ തഴഞ്ഞത്. തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ സമവായം തേടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടിരുന്നു. പിന്നാലെ ചീഫ് വിപ്പ് കെ രാജനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ എൻ ബാലഗോപാലും ചർച്ച നടത്തി. ഒടുവിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സിപിഐ പുറത്തായി. 

സർവ്വകലാശാലയിൽ സെനറ്റ് അംഗങ്ങളുടെ അനുപാതം നോക്കിയാണ് സിൻഡിക്കേറ്റ് സ്ഥാനാർത്ഥികളെ നിർത്തിയതെന്ന് സിപിഎം വ്യക്തമാക്കുന്നു. എന്നാൽ സെനറ്റ് തെരഞ്ഞെടുപ്പിൽ അടക്കം സിപിഎം സിപിഐയെ തഴഞ്ഞു എന്ന മുൻ ആക്ഷേപവും നിലനിൽക്കുന്നുണ്ട്. പല പ്രധാന സമിതികളിലും സിപിഐയെ തഴയുന്നു എന്ന ആരോപണം നിലനിൽക്കെയാണ് ഏറ്റവും ഒടുവിലെ ഈ വെട്ട്.