Asianet News MalayalamAsianet News Malayalam

അൺലോക്ക് രണ്ടാംദിനം; സംസ്ഥാനത്ത് സ്വകാര്യ ബസുകളും നിരത്തിൽ, ഒറ്റ അക്ക നമ്പർ ബസുകൾക്ക് ഡ‍ബിൾബെല്ല്

തിങ്കളാഴ്ച ദിവസം ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്താം

kerala unlock day two, private bus start service
Author
Thiruvananthapuram, First Published Jun 18, 2021, 12:58 AM IST

തിരുവനന്തപുരം: അൺലോക്ക് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് കൂടുതൽ ഇളവുകളും ലഭ്യമാകുന്നു. ഇന്ന് മുതൽ സ്വകാര്യ ബസുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരത്തിലോടുകയാണ്. ഒറ്റ -ഇരട്ട അക്ക നമ്പറിന്‍റെ അടിസ്ഥാനത്തിൽ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകൾ ഓടുക. ഈ മാനദണ്ഡം അനുസരിച്ച് ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾക്കാണ് ഡബിൾ ബെല്ലടിച്ചത്.

തിങ്കളാഴ്ച ദിവസം ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്താം. ഒന്നിടവിട്ട ദിവസങ്ങളിൽ ഇതേ മാനദണ്ഡങ്ങൾ പാലിച്ച് സ്വകാര്യബസുകൾക്ക് നിരത്തിലെത്താമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവീസ് നടത്തണം. ശനിയും ഞായറും സർവീസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗത മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ കെഎസ്ആർടിസി ഇന്നലെതന്നെ സർവ്വീസ് ആരംഭിച്ചിരുന്നു. കെഎസ്ആർടിസി 1528 സർവ്വീസുകളാണ് നടത്തിയത്. കെഎസ്ആർടിസി തിരുവനന്തപുരം സോണിന് കീഴിൽ 712, എറണാകുളം സോണിന് കീഴിൽ 451, കോഴിക്കോട് സോണിന് കീഴിൽ 365 സർവ്വീസുകളാണ് നടത്തിയത്. ആകെ നടത്തിയ 1528 സർവ്വീസുകളിൽ 583 ദീർഘദൂര സർവ്വീസുകളാണ്.

നാൽപ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സംസ്ഥാനം തുറന്നതോടെ ജനജീവിതം പതിയെ സാധാരണനിലയിലേക്ക് മാറുന്നുണ്ട്. സെക്രട്ടേറിയറ്റടക്കമുള്ള ഓഫീസുകളെല്ലാം സജീവമായിട്ടുണ്ട്. ഇളവുകളുള്ള 147 തദ്ദേശസ്ഥാപന പരിധികളിലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയത്. അതേസമയം സംസ്ഥാനത്താകെ 25 തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുകയാണ്. ബുധനാഴ്ച വീണ്ടും പുതിയ ടിപിആർ പരിഗണിച്ച് ഇളവിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios