ചങ്ങനാശേരി: ഭാര്യയോട് പിണങ്ങി ജീവിതം അവസാനിപ്പിക്കാൻ പോയ യുവാവിന് ജീവൻ മടക്കിനൽക്കിയത് സെൽഫി. ആത്മഹത്യ ചെയ്യാൻ റെയിൽവേ പാളത്തിൽ കിടന്ന യുവാവിനെ പൊലീസും നാട്ടുകാരും ചേർന്നാണ് ആത്മഹത്യാ ശ്രമത്തിൽ നിന്ന് രക്ഷപെടുത്തിയത്. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കു സമീപത്താണ് സംഭവം നടന്നത്. താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് റെയിൽവേ പാളത്തിൽ കിടക്കുന്ന സെൽഫി സുഹൃത്തുക്കൾക്ക് ഫോണിൽ അയച്ചു കൊടുത്തിരുന്നു.

ഈ സന്ദേശം കണ്ട് പരിഭ്രാന്തരായ സുഹൃത്തുക്കൾ ഇയാളെ തേടി പലവഴിക്ക് ഓടി. എന്നാൽ എവിടെയാണ് കിടക്കുന്നതെന്ന് ആർക്കും മനസിലായില്ല. എന്നാൽ ഫോട്ടോ സൂക്ഷ്‌മമായി പരിശോധിച്ച ഒരു സുഹൃത്ത് പാളത്തിന് സമീപത്തെ മൈൽക്കുറ്റിയുടെ നമ്പർ തിരിച്ചറിഞ്ഞു. ഇതോടെ ഈ മൈൽക്കുറ്റി ഏതെന്ന് കണ്ടെത്താനായി ശ്രമം.

കേരള എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളെ വിളിച്ച് യുവാവിന്റെ സുഹൃത്തുക്കളിലൊരാൾ ആത്മഹത്യാശ്രമം സംബന്ധിച്ച് വിവരം നൽകി. ട്രെയിൻ തിരുവല്ലയിൽ നിർത്തിയപ്പോൾ ഇദ്ദേഹം ലോക്കോ പൈലറ്റിനെ നേരിൽ കണ്ട് കാര്യം പറഞ്ഞു. മൈൽക്കുറ്റിയുടെ നമ്പരും നൽകി. ട്രെയിൻ ഈ മൈൽക്കുറ്റി അടുത്തെത്തുമ്പോൾ നിർത്തണം എന്നായിരുന്നു ഇദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ ട്രെയിൻ എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് തന്നെ മൈൽക്കുറ്റി ഏതാണെന്ന് സുഹൃത്തുക്കൾ കണ്ടെത്തി.

പാളത്തിന്റെ നടുവിൽ കിടന്നിരുന്ന യുവാവിനെ സുഹൃത്തുക്കൾ കണ്ടെത്തി യുവാവിനെ സുഹൃത്തുക്കൾ പൊലീസിൽ ഏൽപിച്ചു.