തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചു വരാൻ രാജ്യത്തിനകത്ത് നിന്ന് തന്നെ ഒരു ലക്ഷത്തിലധികം പേരും വിദേശത്ത് നിന്നും അഞ്ച് ലക്ഷം പേരും നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതോടെ സംസ്ഥാനത്ത് വിപുലമായ സന്നാഹങ്ങളൊരുക്കി കാത്തിരിക്കുകയാണ് സർക്കാർ. വൻതോതിൽ സമൂഹവ്യാപനം ഉണ്ടായാൽ പോലും നേരിടാൻ തയാറെടുത്താണ് കേരളം കൊവിഡ് പ്രതിരോധത്തിലെ അടുത്തഘട്ടത്തെ നേരിടാനൊരുങ്ങുന്നത്. ക്വറന്റീൻ കേന്ദ്രങ്ങളായി വീടുകൾ മുതൽ സ്റ്റേഡിയങ്ങൾ വരെയുണ്ട്.

ലോക്ക് ഡൗൺ കാലം ഉപയോഗപ്പെടുത്തി കേരളം നടത്തിയത് വലിയ ഒരുക്കമാണ്. പ്രധാനമായും മൂന്നു മേഖലകളിൽ. അടുത്ത ഘട്ടത്തെ നേിടാനുള്ള അടിസ്ഥാന സൗകര്യ വികസനം, അടിയന്തിര സംവിധാനമടക്കം ഉപകരണങ്ങൾ, മാനനവിഭവ ശേഷി. ഇവ കുത്തനെ വർധിപ്പിച്ചാണ് കേരളം അടുത്ത ഘട്ടത്തെ നേരിടാൻ തയാറെടുക്കുന്നത്. വരും ഘട്ടത്തിൽ പ്രവാസികളടക്കം വൻതോതിൽ വരും. 

ഇന്നലത്തെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 500-ഓളം കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. നൂറോളം പേർ ചികിത്സയിലുണ്ട്. ലക്ഷക്കണക്കിന് പേർ അതിർത്തി കടന്ന് എത്തുന്നതോടെ കേസുകളുടെ എണ്ണം കുത്തനെ കൂടാനുള്ള സാധ്യതയാണ് സർക്കാർ കാണുന്നത്. അതിനാൽ തന്നെ നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ ലിവിംഗി വിത്ത് വൈറസ് അഥവാ വൈറസിനോടൊപ്പം ജീവിക്കുക എന്ന നിലയിലാണ് പദ്ധതികൾ

സമൂഹവ്യാപനം തടയാൻ അങ്ങേയറ്റം ശ്രമിക്കുമ്പോഴും ഏറ്റവും മോശം സാഹചര്യവും നേരിടാൻ തയാറെടുക്കുകയെന്ന നിലയിൽ സമൂഹവ്യാപനത്തെയും കണക്കുകൂട്ടിയാണ് കേരളം മുന്നോട്ട് പോകുന്നത്. പ്രായമായവർ, കിഡ്നി, ഹൃദയസംബന്ധമായ രോഗമുള്ളവർ, ഗർഭിണികൾ, കുട്ടികൾ അങ്ങനെ മറ്റസുഖമുള്ളവരെ, കോവിഡ് ഗുരുതരമായി ബാധിക്കുന്നവരെ ഇതിനോടകം കണ്ടെത്തി പട്ടികപ്പെടുത്തി കഴിഞ്ഞു. 

ഇവരിലേക്ക് വൈറസെത്താതെ സംരക്ഷിച്ച് കൊണ്ടാകും അടുത്ത ഘട്ട പ്രവർത്തനം. വെന്റിലേറ്റടക്കം ചികിത്സാ സൗകര്യങ്ങൾ തയാ‌ർ. വേറെയുമുണ്ട് തയാറെടുപ്പുകൾ. സർക്കാർ - സ്വകാര്യ ആശുപത്രികൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ, ചെറുതും വലുതുമായ സ്റ്റേഡിയങ്ങൾ എന്നിങ്ങനെ 26,999 കെട്ടിടങ്ങൾ തയാറാണ്. നിലവിൽ രണ്ടര ലക്ഷത്തിന് മേൽ കിടക്കൾക്ക് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. വെന്റിലേറ്ററുകൾ വേറെയും.

അയൽസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ തെരഞ്ഞെടുത്ത ചെക്ക് പോസ്റ്റുകളിലെ വേണം കേരളത്തിലേക്ക് പ്രവേശിക്കാൻ. കാസർകോട്-കർണാടക അതിർത്തിയിലെ തലപ്പാടി ചെക്ക് പോസ്റ്റിൽ നാളെ നൂറ് ഹെൽപ്പ് ഡെസ്കുകകളാണ് പുറത്തു നിന്നും വരുന്നവരെ പരിശോധിക്കാനായി സജ്ജമാകുന്നത്. ഈ രീതിയിൽ വിപുലമായ സജ്ജീകരണങ്ങളാവും വാളയാറും, ആര്യങ്കാവും, അമരവിളയും, കുമളിയും അടക്കം സംസ്ഥാനത്തെ പ്രധാന അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിലെല്ലാം സജ്ജമാക്കുക.

കൊവിഡ് പരിശോധനയ്ക്കായി സംസ്ഥാനത്ത് നിലവിൽ 16 ലാബുകൾ സജ്ജമാണ്. ഇതോടൊപ്പം തന്നെ പുതിയ പരിശോധന, ചികിത്സാ സംവിധാനങ്ങൾ കാത്തിരിക്കുകയാണ്. ഓൺലൈൻവഴി ഡോക്ടർമാരടക്കം 280 ഓളം പേരെ നിയമിച്ചു കഴിഞ്ഞു. ഇത് മതിയാകുമെന്നല്ല. പക്ഷേ പരീക്ഷിക്കപ്പെടാവുന്ന ഘട്ടമാണ് വരാൻ പോവുന്നത്. ശക്തമായ നമ്മുടെ ആരോഗ്യസംവിധാനത്തിലൂടെയും പ്രാദേശികതലത്തിലെ വികേന്ദ്രീകരിണം വഴി കൂട്ടായ്മയുടെ കരുത്തിലൂടെയുമാണ് കേരളം ഇതിനെ നേരിടാൻ പോവുന്നത്.


കൊവിഡ് പ്രതിരോധം രണ്ടാം ഘട്ടത്തിൽ സർക്കാരിൻ്റെ പദ്ധതി

മൊത്തം 26,999 കെട്ടിടങ്ങൾ സജ്ജമാക്കി
രണ്ടരലക്ഷം കിടക്കകള്‍ക്കുള്ള സ്ഥലം ഇതിനകം കണ്ടെത്തി.
രണ്ട് ലക്ഷത്തിന് മീതെ കിടക്കകൾ വേണം
കൂടുതൽ വെന്റിലേറ്റർ സൗകര്യങ്ങൾക്കായി ശ്രമം ശക്തം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയം എന്നിവിടങ്ങളും ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കും.
പ്രാദേശിക തലത്തിൽ സമിതികൾ രൂപീകരിക്കും
ഓരോ പഞ്ചായത്തിലും മൊബൈൽ ക്ലിനിക്ക്
സജ്ജരായി സർക്കാർ - സ്വകാര്യ മെഡിക്കൽ മേഖലയാകെ
കേരളത്തിന്റെ കരുത്ത് ശക്തമായ വികേന്ദ്രീകൃത സംവിധാനം