തിരുവനന്തപുരം: സ്വര്‍ണക്കടത്ത് മുതല്‍ മയക്കുമരുന്ന് കച്ചവടം വരെയുള്ള ആരോപണങ്ങളാല്‍ കലങ്ങിമറിഞ്ഞു കിടക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിലാണ് സംസ്ഥാനത്ത് പഞ്ചായത്ത് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. സിപിഎമ്മും സര്‍ക്കാരും മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആരോപണങ്ങള്‍ തങ്ങള്‍ക്ക് തുണയാകുമെന്ന് യുഡിഎഫും ബിജെപിയും കണക്ക് കൂട്ടുന്നു. നാലര വര്‍ഷക്കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം മതി വിജയിക്കാനെന്നാണ് എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം. 

കഴിഞ്ഞ മൂന്ന് മാസമായി കേരളരാഷ്ട്രീയം സമാനതകളില്ലാത്ത ആരോപണ പ്രത്യാരോപണങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. സ്വര്‍ണക്കടത്തില്‍ തുടങ്ങിയ വിവാദം കത്തിപ്പടര്‍ന്ന് ഒടുവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍റെ വീട്ടിലെ മാരത്തോണ്‍ റെയ്ഡിലടക്കം എത്തിനില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി കൂടി ഇഡി നിരീക്ഷണത്തിലായി കേസ് മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുമ്പോഴാണ് തെരഞ്ഞടുപ്പ് പ്രഖ്യാപനം വരുന്നത്. വിവാദം അതിന്‍റെ വഴിക്ക് പൊയ്ക്കോട്ടെ നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ വിജയം കൊണ്ട് വരും ഇതാണ് എല്‍ഡിഎഫ് പ്രതീക്ഷയും ആത്മവിശ്വാസവും. 

നിർജീവ പ്രതിപക്ഷം എന്ന വിമർശനങ്ങൾക്കൊടുവിൽ  സ്പ്രിംഗ്ളര്‍ മുതല്‍ പ്രതിപക്ഷം നടത്തുന്ന പോരാട്ടം ഗുണം ചെയ്യുമെന്ന് യുഡിഎഫ് നേതൃത്വം പ്രതീക്ഷിക്കുന്നു. അഴിമതിയുടെ പടുകുഴിയില്‍കിടക്കുന്ന ഭരണമുന്നണിയെ കാത്തിരിക്കുന്നത് വലിയ തോല്‍വിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. 

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധീകരണക്രിയക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നേതൃത്വം കൊടുക്കുന്നതെന്നാണ് കെ സുരേന്ദ്രനും കൂട്ടരും അവകാശപ്പെടുന്നത്. സിപിഎം ഉന്നതര്‍ സംശയനിഴലില്‍ നില്‍ക്കുമ്പോള്‍ വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും അവര്‍ പ്രതീക്ഷ വയ്ക്കുന്നു.

അഞ്ച് മാസം കഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും എന്നതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് എല്ലാ അർത്ഥത്തിലും ഒരു സെമി ഫൈനലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും അതിനപ്പുറം മുന്നണികളുടെ മുഖമായ പിണറായി വിജയൻ, രമേശ് ചെന്നിത്തല, കെ.സുരേന്ദ്രൻ എന്നീ നേതാക്കൾക്കും അതിജീവനത്തിൻ്റെ കൂടി പോരാട്ടമാണ്. 

അണികളേയും പാർട്ടിയേയും മുന്നണി ഘടകക്ഷികളേയും നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനലിന് ആവേശത്തോടെ ഇറക്കാൻ സെമി ഫൈനലിലെ വിജയം അനിവാര്യമാണ്. പരമാവധി ശക്തി തെളിയിക്കാനാണ് ഈ ഘട്ടത്തിൽ എല്ലാവരും ശ്രമിക്കുന്നത്. വന്‍വിവാദങ്ങളാണോ, അതോ നാട്ടിലെ കൊച്ച് കാര്യങ്ങളാണോ ജനത്തെ സ്വാധീനിക്കുന്നതെന്ന് കണ്ടറിയേണ്ട ദിവസങ്ങളാണ് വരുന്നത്.