മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്ന് പറഞ്ഞ കെ എസ് യു ചെയർമാൻ സ്ഥാനാ‍ർത്ഥി, റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും ആരോപിച്ചിട്ടുണ്ട്

കൊച്ചി: കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം ഹൈക്കോടതിയിൽ. കെ എസ് യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടനാണ് നീതി തേടി ഹൈക്കോടതയിൽ എത്തിയത്. ശ്രീക്കുട്ടൻ പ്രധാനമായും കോടതിയിൽ ഉന്നയിച്ചത് ഒരേ ഒരു കാര്യമാണ്. തന്റെ വിജയം എസ് എഫ് ഐ അട്ടിമറിച്ചതാണെന്നും അതിനാൽ തന്നെ കോളേജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നമാണ് കെ എസ് യു ചെയ‍ര്‍മാൻ സ്ഥാനാർത്ഥി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

'നിങ്ങളെ നീചർ എന്ന് കാലം മുദ്രകുത്തും', എസ്എഫ്ഐക്കെതിരെ ആൻ; ശ്രീക്കുട്ടനെതിരായ റീക്കൗണ്ടിംഗ് ബഹിഷ്കരിച്ചു

തന്‍റെ വിജയം തടഞ്ഞത് അട്ടിമറിയിലൂടെയാണെന്ന് ശ്രീക്കുട്ടൻ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്ന് പറഞ്ഞ കെ എസ് യു ചെയർമാൻ സ്ഥാനാ‍ർത്ഥി, റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും ആരോപിച്ചിട്ടുണ്ട്. ശ്രീക്കുട്ടന്‍റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ കേരളവര്‍മ കോളജില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ എസ് യുവിനെ എണ്ണിത്തോല്‍പിച്ചുവെന്നാരോപിച്ച് പ്രവ‍ർത്തകർ മന്ത്രി ആർ ബിന്ദുവിന്‍റെ കോലംകത്തിച്ചു. വിവാദം സംസ്ഥാന വ്യാപക വിഷയമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് ഡി സി സി പ്രസിഡന്‍്‌റ് ജോസ് വള്ളൂര്‍ ആവശ്യപ്പെട്ടു. റീകൗണ്ടിങ് വിഷയത്തില്‍ ബിന്ദുവാണ് ചരടുവലിച്ചതെന്ന് ആരോപിച്ചാണ് പ്രതിഷേധം. മന്ത്രിയുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം നടത്തണമെന്നും കോളജില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തയാറുണ്ടോയെന്ന് എസ് എഫ് ഐയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

നിരാഹാരമനുഷ്ഠിക്കുന്ന കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറടക്കമുള്ളവ‍ർക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സമരപ്പന്തലില്‍ എം പിമാരായ ടി എന്‍ പ്രതാപന്‍, രമ്യഹരിദാസ്, ബെന്നിബഹനാന്‍, ടി സിദ്ദിഖ് എം എല്‍ എ, റോജിജോണ്‍ എം എല്‍ എയടക്കമുള്ളവ‍ർ എത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം