മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് വസ്ത്രം വേണമെങ്കിലും ആർക്കും ഇടാമെന്നും അതിന് ഒരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലലോ, ഏത് വസ്ത്രം വേണമെങ്കിലും ആർക്കും ഇടാമെന്നും അതിന് ഒരു നിയന്ത്രണവുമില്ലെന്നും പ്രതിപക്ഷ നേതാവിന്റെ മറുപടി.
തുടർന്ന് ഡോ. ഹാരിസിനെതിരായ സിപിഎം വിമർശനത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഭീഷണിപ്പെടുത്താനുള്ള ശ്രമവും വിരട്ടലും വേണ്ട.മുഖ്യമന്ത്രിയുടെയും എം വി ഗോവിന്ദന്റെയും വാക്കുകളിൽ ഭീഷണിയുടെ സ്വരമുണ്ട്. ഇനിയാരും പറയാതിരിക്കാൻ ആണ് ഭീഷണിയുമായി ഇപ്പോൾ വരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസിലെ ഖദർ തർക്കത്തില്‍ അജയ് തറയിലിനു മറുപടിയുമായി കെ എസ് ശബരീനാഥനും രംഗത്ത് വന്നിരുന്നു. ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്‍റെ പ്രതീകമായി ഇപ്പോൾ കാണാനാവില്ല. വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതി എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഖദർ ഷർട്ട് സാധാരണ പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. കളർ ഷർട്ട് എന്നാലോ എളുപ്പമാണ്. ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട് ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെ മുതിർന്ന നേതാവ് അജയ് തറയിൽ രംഗത്തെത്തിയതോടു കൂടിയാണ് വിവാദങ്ങൾക്ക് തുടക്കമായത്. വസ്ത്രധാരണത്തിൽ പുതിയ തലമുറ കോൺഗ്രസുകാർ ഡിവൈഎഫ്ഐയെ അനുകരിക്കാൻ ശ്രമിക്കുക ആണെന്നാണ് ഫെയ്സ്ബുക്കിലൂടെ അജയ് തറയിൽ വിമർശനം ഉന്നയിച്ചത്. ഖദർ വസ്ത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറക്കുന്നതെന്നും ഇതിനെയാണ് താൻ വിമർശിച്ചത് എന്നും അജയ് തറയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


