തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിനെ എതിർത്ത് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറി മനോജ് ജോഷിയും നിലപാടെടുത്തതായി വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. 2018 ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന 34-ാം ജനറൽ ബോഡി യോഗത്തിലായിരുന്നു 14-ാം അജൻഡയായി മസാല ബോണ്ട് ഉണ്ടായിരുന്നത്.

രാജ്യത്തിനകത്ത് കുറഞ്ഞ പലിശക്ക് ബോണ്ടിറക്കാമെന്നിരിക്കെ എന്തിനാണ് പുറത്ത് കൂടുതൽ പലിശ നിരക്കിൽ ബോണ്ടിറക്കുന്നതെന്ന് ധനവകുപ്പ് സെക്രട്ടറി ചോദിച്ചിരുന്നു. വിദേശ വിപണിയിൽ പലിശ നിരക്ക് കുറഞ്ഞിരിക്കുമ്പോൾ എന്തുകൊണ്ട് പലിശ കൂടിയെന്ന് ചീഫ് സെക്രട്ടറിയും ചോദിച്ചു. ധനവകുപ്പ് സെക്രട്ടറിയുടെ നിലപാടിനെയും ചീഫ് സെക്രട്ടറി പിന്തുണച്ചു. രാജ്യാന്തര വിപണിയിൽ ഇടപെടാനുള്ള അവസരം ഉപയോഗിക്കണമെന്നായിരുന്നു ഇതിന് ധനമന്ത്രി നൽകിയ മറുപടി.

സിഎജി സർക്കാരിന് നൽകിയത് സമ്പൂർണ്ണറിപ്പോർട്ടെന്ന് വ്യക്തമായതോടെ പ്രതിരോധത്തിലായ സർക്കാരിന് ഇരട്ട പ്രഹരമാണിത്. സിഎജിയുടെ വാർത്താക്കുറിപ്പ് ഇന്നലെ പുറത്തുവന്നിരുന്നു. കരട് റിപ്പോർട്ടെന്ന വാദത്തിലൂന്നിയാണ് ധനമന്ത്രി നവംബർ 14 മുതൽ സർക്കാരിനെ പ്രതിരോധിച്ചത്. എന്നാൽ സിഎജി സമർപ്പിച്ചത് അന്തിമ റിപ്പോർട്ടാണെന്ന സത്യം പുറത്തുവന്നതോടെ പ്രതിപക്ഷം ഇത് ആയുധമാക്കും. ഇന്ന് ധനമന്ത്രി തോമസ് ഐസക് ഈ വിഷയത്തിൽ വിശദീകരണം നൽകുമെന്നാണ് കരുതുന്നത്.

നവംബർ 14 ശനിയാഴ്ചാണ് സിഎജി റിപ്പോർട്ടിനെതിരെ കടുത്ത വിമർശനവുമായി ധനമന്ത്രി വാർത്താസമ്മേളനം നടത്തിയത്. സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ധനമന്ത്രിയുടെ വിമർശനം. കരട് റിപ്പോർട്ടല്ല ഇത് സമ്പൂർണ്ണ റിപ്പോർട്ടാണെന്ന് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറിൽ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം ധനമന്ത്രി ആവർത്തിച്ച് നിഷേധിച്ചു. 

നവംബർ 11ന് സിഎജി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, ആറാം തീയതി റിപ്പോർട്ട് നൽകിയെന്നും നിയമസഭയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ടാണെന്നും വിശദീകരിക്കുന്നു. ഇതോടെ കരട് റിപ്പോർട്ടാണ് സിഎജി നൽകിയതെന്ന ധനമന്ത്രിയുടെ വാദം പൂർണ്ണമായും പൊളിയുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് നിയമസഭയിൽ വെക്കുന്നതിന് മുൻപ് സിഎജി റിപ്പോർട്ടിന്റെ ഉള്ളടക്കം വാർത്താസമ്മേളനം വിളിച്ച് ധനമന്ത്രി തന്നെ വിമർശിക്കുന്നത്. ഇത് ചട്ട ലംഘനമാണെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ കരട് റിപ്പോർട്ടാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ധനമന്ത്രി. ഇക്കാര്യത്തിൽ ഇന്ന് വിശദമായി പ്രതികരിക്കുമെന്നും ഡോ ടി എംതോമസ് ഐസക്ക് വ്യക്തമാക്കി.