13.6 വീതി എന്നതിൽ വിട്ടു വീഴ്ച ഇല്ല. പലയിടത്തും 6 മീറ്റർ വീതി ആയത് കൊണ്ടാണ് നിർമാണം നിർത്തിയത്. മാനദണ്ഡം മാറ്റാൻ ആകില്ലെന്നും കിഫ്‌ബി വ്യക്തമാക്കി.

തിരുവനന്തപുരം: ഗണേഷ് കുമാർ എംഎൽഎയുടെ വിമര്‍ശനത്തിന് മറുപടിയുമായി കിഫ്‌ബി. ഏനാത്ത്-പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഗുണനിലവാരം ഉറപ്പാക്കാനാണെന്നാണ് വിശദീകരണം. 13.6 മീറ്റർ വീതിയിൽ റോഡ് വികസനത്തിന് ടെണ്ടർ ആയശേഷം പലയിടത്തും ആറ് മീറ്റർ മാത്രമാണ് വീതി എന്നുള്ളത് കൊണ്ടാണ് നിർമ്മാണം നിർത്തിവെപ്പിച്ചത്. മാനദണ്ഡങ്ങൾ മാറ്റാൻ ആകില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കിഫ്ബി വ്യക്തമാക്കി. ഗണേഷ് കുമാർ വൈകാരികമായി പ്രതികരിച്ച വെഞ്ഞാറമൂട് പാലത്തിന്‍റെ നിർമ്മാണം അന്തിമ ടെണ്ടർ നടപടികളിലാണെന്നും കിഫ്ബി അറിയിച്ചു.

കഴിഞ്ഞ ദിവസം നിയമസഭയിൽ കിഫ്ബിക്കെതിരെ അതിരൂക്ഷ വിമ‍ർശനമാണ് ഗണേഷ് കുമാര്‍ ഉന്നയിച്ചത്. വൈകാരികമായി വിമർശനം ഉന്നയിച്ച ഗണേഷ് കുമാർ കൺസൽട്ടൻൻറുമാർ കൊണ്ടുപോകുന്നത് കോടികളാണെന്നും കുറ്റപ്പെടുത്തിയിരുന്നു. അഭിമാനപദ്ധതിയുടെ നടത്തിപ്പിനെതിരെ ഭരണപക്ഷത്ത് നിന്നും ഗണേഷിനെ പിന്തുണച്ച് സിപിഎം എൽഎഎയായ ഷംസീറും രംഗത്തെത്തിയിരുന്നു. സർക്കാർ അഭിമാനമായി ഉയർത്തിക്കാണിക്കുന്ന കിഫ്ബിക്കെതിരെ നേരത്തെ പ്രതിപക്ഷവും വലിയ വിമർശനം ഉന്നയിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona