കണ്ണൂര്‍: കൊവിഡ് ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അടപ്പിച്ച പോത്തീസിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് പോത്തീസിൽ നടന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വില കുറച്ച് വിറ്റോളൂ, പക്ഷെ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൊവിഡ് എണ്ണം കൂടാൻ ഇടയുണ്ട്. കൊവിഡ് കേസുകള്‍ നല്ലവണ്ണം ഉയരുമോ എന്ന ആശങ്കയുണ്ട്. കൊവിഡ് വല്ലാതെ വ്യാപിച്ചാൽ സാമ്പത്തിക ശേഷിയുള്ളവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കേണ്ടിവരുമെന്നും കെ കെ ശൈലജ പറഞ്ഞു.

കൊവിഡ് ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അടപ്പിച്ച പോത്തീസിനെതിരെ കെ കെ ശൈലജ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടര്‍ന്ന് ഇന്നലെയാണ് തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനമായ പോത്തീസ് ജില്ലാ ഭരണകൂടം ഇടപെട്ട് പൂട്ടിച്ചത്. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ തന്നെ അനിയന്ത്രിതമായ തിരക്കാണ് പോത്തീസില്‍ ഉണ്ടായത്. ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെയുണ്ടായിരുന്നില്ല. 

Also Read: തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തിൽ കുതിച്ച് ചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

സന്ദര്‍ശക രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് പാലിക്കാത്തിനെ തുടര്‍ന്നാണ് പോത്തീസിനെതിരെ നടപടി സ്വീകരിച്ചത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ.എം സഫീര്‍, തിരുവനന്തപുരം തഹസില്‍ദാര്‍ ഹരിശ്ചന്ദ്രന്‍ നായര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് പോത്തീസ് പൂട്ടിച്ചത്. സ്ഥാപനത്തിനെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.