Asianet News MalayalamAsianet News Malayalam

പ്രതിപക്ഷം തീക്കളി അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി

യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചില പരിപാടികളില്‍ പങ്കെടുത്തതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന് പറയുന്നത് തികച്ചും അനുചിതമാണ്.
 

KK Shailaja facebook post on Opposition
Author
Thiruvananthapuram, First Published Jul 10, 2020, 11:34 PM IST

തിരുവനന്തപുരം: പ്രതിപക്ഷത്തെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ പ്രതിപക്ഷം തീക്കളി അവസാനിപ്പിക്കണമെന്നും കൊവിഡ് വിളിച്ചുവരുത്തുകയാണെന്നും ആരോഗ്യമന്ത്രി ആരോപിച്ചു. യാതൊരു അടിസ്ഥാനവുമില്ലാതെ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണ് പ്രതിപക്ഷമെന്നും കെകെ ശൈലജ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായി ഐടി സെക്രട്ടറിക്ക് സൗഹൃദമുണ്ടെന്ന വാര്‍ത്ത വന്നയുടനെ അദ്ദേഹത്തെ പുറത്താക്കി മാതൃകാനടപടി സ്വീകരിച്ചു. പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചില പരിപാടികളില്‍ പങ്കെടുത്തതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന് പറയുന്നത് തികച്ചും അനുചിതമാണെന്നും ഏത് അന്വേഷണത്തെയും കേരളം സ്വാഗതം ചെയ്തതാണെന്നും മന്ത്രി വ്യക്തമാക്കി.

അമേരിക്കയില്‍ ചികിത്സിക്കാന്‍ പോലും പണമില്ലാതെ ലക്ഷക്കണക്കിന് ആളുകള്‍ ഇന്‍ഷുറന്‍സിന് അപേക്ഷിച്ചു കാത്തു നില്‍ക്കുമ്പോഴും കേരളത്തിലെ ഗവ. ആശുപത്രികളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കി. കൊവിഡ് ചികിത്സയ്ക്ക് മാത്രം എത്ര കോടി രൂപയാണ് ആണ് ഇതുവരെ ചിലവഴിച്ചത് എന്നത് നമുക്ക് പിന്നീട് വിലയിരുത്താം. ഇപ്പോള്‍ അതിന്റെ സമയമില്ല. ജീവന്‍ രക്ഷിക്കുകയാണ് അടിയന്തര ലക്ഷ്യം. മുഖ്യമന്ത്രിക്കുനേരെ ആക്രോശിക്കുന്നവര്‍ നാടിന്റെ രക്ഷാകവചം തകര്‍ക്കുകയാണെന്ന് ഓര്‍ക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിലെ പ്രതിപക്ഷം ഈ തീക്കളി അവസാനിപ്പിക്കണം

രണ്ട് തെറ്റുകളാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ സ്വര്‍ണക്കടത്ത് ആരോപിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ അപവാദപ്രചരണങ്ങള്‍ നടത്തുന്നു. രണ്ട് കോവിഡ് വ്യാപനം വിളിച്ചു വരുത്തുന്നു.

യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചില പരിപാടികളില്‍ പങ്കെടുത്തതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന് പറയുന്നത് തികച്ചും അനുചിതമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മേല്‍പ്പറഞ്ഞ വ്യക്തിയുമായി സൗഹൃദമുണ്ടായിരുന്നു എന്ന ആരോപണം വന്നയുടനെ ഈ ഐഎഎസ് ഓഫീസറെ തത് സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തിയത് മാതൃകാപരമായ പ്രവര്‍ത്തനമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ഏത് അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന സമയത്ത് സ്വര്‍ണ കള്ളക്കടത്ത് സുഗമമായി നടക്കുമെന്ന് കരുതിയ പലരേയും വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് പിടികൂടിക്കൊണ്ടിരിക്കുകയാണ്. ഇതിലൊന്നും കേരള സര്‍ക്കാരിന്റെ ഒത്താശയോ പിന്തുണയോ ഉണ്ടെന്ന് കടുത്ത ശത്രുക്കള്‍ക്ക് പോലും പറയാന്‍ കഴിയില്ല.

എന്തിനാണ് മുഖ്യമന്ത്രിക്കെതിരെ ആക്രോശം നടത്തുന്നത്?

പ്രളയം, ഓഖി, നിപ, കൊറോണ വൈറസ് തുടങ്ങിയ ദുരന്തങ്ങളിലൂടെ കടന്നുപോയ അവസരങ്ങളില്‍ അസാമാന്യമായ ധീരതയോടെ ഈ കൊച്ചു സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കപ്പുറത്ത് ജനങ്ങളെ രക്ഷിക്കാന്‍ ശ്രമം നടത്തിയ ആളാണ് കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍. സാമ്പത്തിക കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത അവഗണന നേരിടുമ്പോഴും കേരളത്തെ വീണ്ടെടുക്കാനും ജനജീവിതത്തില്‍ ക്ലേശങ്ങള്‍ പ്രതിഫലിക്കാതിരിക്കാനും കേരളം നടത്തിയ ആസൂത്രണവും ഇടപെടലുകളും ലോകത്തിന് മാതൃകയാണ്.

ഇപ്പോള്‍ ഈ കോവിഡ് കാലത്ത് ലോകരാഷ്ട്രങ്ങളാകെ കടുത്ത തകര്‍ച്ചയിലാണ്. സമ്പന്ന രാജ്യമായ അമേരിക്കയില്‍ ചികിത്സിക്കാന്‍ പോലും പണമില്ലാതെ ലക്ഷക്കണക്കിന് ആളുകള്‍ ഇന്‍ഷുറന്‍സിന് അപേക്ഷിച്ചു കാത്തു നില്‍ക്കുമ്പോഴും കേരളത്തിലെ ഗവ. ആശുപത്രികളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കി മാതൃക കാണിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് ചികിത്സയ്ക്ക് മാത്രം എത്ര കോടി രൂപയാണ് ആണ് ഇതുവരെ ചിലവഴിച്ചത് എന്നത് നമുക്ക് പിന്നീട് വിലയിരുത്താം. ഇപ്പോള്‍ അതിന്റെ സമയമില്ല. ജീവന്‍ രക്ഷിക്കുകയാണ് അടിയന്തര ലക്ഷ്യം. മുഖ്യമന്ത്രിക്കുനേരെ ആക്രോശിക്കുന്നവര്‍ നാടിന്റെ രക്ഷാകവചം തകര്‍ക്കുകയാണെന്ന് ഓര്‍ക്കണം.
 

Follow Us:
Download App:
  • android
  • ios