തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണം വീട്ടിൽ മതിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വിദേശത്തു നിന്ന് വരുന്നവരുടെ വീടിനെ കുറിച്ച് തദ്ദേശ പ്രതിനിധികൾ വഴി അന്വേഷിക്കും. സൗകര്യങ്ങളില്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ ക്വാറന്‍റീൻ സൗകര്യം ഉറപ്പാക്കും. അതാണ് പ്രായോഗികമായി നടപ്പാക്കാൻ പറ്റുന്നതെന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു. 

 സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണ്.പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇതുവരെ ഇല്ല.  സംസ്ഥാനത്ത് പത്ത് ശതമാനം പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്.  അത് നിയന്ത്രിക്കാൻ സാധിച്ചാൽ കൊവിഡ് നിരക്ക് കുറയ്ക്കാൻ സാധിക്കും.അതിന് സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

ബ്രേക്ക് ദ ചെയ്ൻ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. മാസ്ക്ക് കൃത്യമായി ധരിക്കണം. ധരിക്കുന്ന മാസ്ക്ക് വൃത്തിയായി സൂക്ഷിക്കണം. രോഗം ആർക്കും വരാമെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യ മന്ത്രി ഓര്‍മ്മിപ്പിച്ചു. സർക്കാർ നിർദ്ദേശം പാലിച്ചാൽ മരണ നിരക്ക് കുറയ്ക്കാൻ കഴിയും. പ്രായമായവർ മറ്റ് അസുഖങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന ആളുകളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെകെ ശൈലജ പറഞ്ഞു 

തൃശൂരിൽ മരിച്ചയാളുടെ പരിശോധന ഫലം നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വന്നിട്ടില്ല. 10,000 കിറ്റ് മാത്രമാണ് ഇപ്പോ ആൻ്റി ബോഡി ടെസ്റ്റിന് ലഭിച്ചിട്ടുള്ളൂ. 50,000 കിറ്റിന് മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വഴി ഓർഡർ ചെയ്തു. ആരോഗ്യ പ്രവർത്തകർ. പൊലീസുകാർ എന്നിവരിനിന്നും സാമ്പിൾ എടുക്കും . ഉറവിടം വ്യക്തമാകാത്ത രോഗിയുടെ സമീപ പ്രദേശങ്ങളിലെ ആളുകൾക്കും പരിശോധന ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ചു.