തിരുവനന്തപുരം: ഉത്തര്‍ പ്രദേശിലെ ഗൊരക്പൂരില്‍ ജോലി ചെയ്തുവരികയായിരുന്ന മലയാളി ദമ്പതിമാരുടെ കുഞ്ഞിനെ കേരളത്തിലെത്തിച്ച് ഹൃദ്യം പദ്ധതി വഴി ശസത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഒന്‍പത് വര്‍ഷമായി ഉത്തര്‍ പ്രദേശിലെ ഗൊരക്പൂരില്‍ കഴിയുന്ന ആവണിയുടെയും പ്രിന്‍സിന്‍റെയും ഇളയമകള്‍ ജസ്ലിന്‍ പ്രിന്‍സ് ഹൃദയത്തിന് സുഷിഷരത്തിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി.

മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അമൃത ആശുപത്രിയില്‍ മെയ് 22നാണ് ഹൃദ്യം പദ്ധതി വഴി കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടതായി വന്നു. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞതോടെ അമ്മയും അച്ഛനും കുഞ്ഞിനെ കണ്ടു. ശസ്ത്രകൃയ കഴിഞ്ഞുള്ള നിരീക്ഷണത്തിന് ശേഷം കഴിഞ്ഞ ദിവസം അവര്‍ കുട്ടിയോടൊപ്പം വീട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ സുഖമായിരിക്കുന്നു എന്ന് കുഞ്ഞിന്‍റെ ബന്ധുക്കള്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സ്വകാര്യ ചാനലിലെ ലൈവ് ഫോണ്‍ ഇന്‍ പരിപാടിയിലാണ് ആദ്യമായി ആവണിയുമായി സംസാരിക്കുന്നത്. ഒന്‍പത് വര്‍ഷമായി ഉത്തര്‍ പ്രദേശിലെ ഗൊരക്പൂരില്‍ കഴിയുകയാണ് ആവണിയും ഭര്‍ത്താവ് പ്രിന്‍സും കുടുംബവും. ആവണി നഴ്‌സിംഗ് ലക്ചററും പ്രിന്‍സ് റെയില്‍വേയില്‍ നഴ്‌സുമാണ്. ഇവര്‍ക്ക് രണ്ട് കുട്ടികളാണ്. ഇളയ മകള്‍ ജസ്ലിന്‍ പ്രിന്‍സിന് ജന്മനാ തന്നെ ഹൃദയത്തിന് സുഷിരം ഉണ്ടായിരുന്നു. കുട്ടിയുടെ ഒന്നാമത്തെ വയസില്‍ കേരളത്തില്‍ വച്ച് ഒരു ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. വീണ്ടും ഒരു ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. അതനുസരിച്ച് ഒരു സെക്കന്റ് ഒപ്പീനിയന്‍ എടുക്കാനാണ് ലോക്ഡൗണിന് മുമ്പ് ആവണിയും കുടുംബവും നാട്ടിലെത്തിയത്.

കൊച്ചി അമൃത ആശുപത്രിയില്‍ എത്തിയപ്പോള്‍ ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചു. ഇതറിഞ്ഞതോടെ കുട്ടിയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ജോലി രാജിവയ്ക്കാനും എല്‍.കെ.ജി.യില്‍ പഠിക്കുന്ന മകളുടെ ടി.സി. വാങ്ങാനും കൂടിയാണ് ആവണിയും പ്രിന്‍സും കൂടി മക്കളെ നാട്ടില്‍ നിര്‍ത്തി വീണ്ടും ഉത്തര്‍പ്രദേശിലേക്ക് പോയത്. അപ്പോഴാണ് ലോക് ഡൗണ്‍ വന്നത്.അതിനിടെ കുട്ടിക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. തൃശൂരിലുള്ള ആവണിയുടെ അച്ഛനും അമ്മയും കുട്ടിയെ അമൃതയിലെത്തിച്ചു. ഹൃദയത്തിന് പ്രശ്‌നമുള്ളതിനാല്‍ രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ഹൃദയ ശസ്ത്രക്രിയ നടത്തണമെന്ന് അറിയിച്ചു. ഇതോടെ ലോക് ഡൗണില്‍ കേരളത്തിലെത്താന്‍ കഴിയാതെ ആവണിയും പ്രിന്‍സും വല്ലാത്ത ബുദ്ധിമുട്ടി.

പരിപാടി കഴിഞ്ഞ ശേഷം ആവണിയെ നേരിട്ട് വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി ചെയ്തുകൊടുക്കാമെന്ന് ഉറപ്പ് നല്‍കി. യാത്രയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ഫാത്തിമ നഴ്‌സിംഗ് സ്‌കൂള്‍ ഡയറക്ടര്‍ ഫാ. സാബു ചെയ്ത് കൊടുക്കുകയും ട്രെയിന്‍ മുഖേന മേയ് 15ന് കേരളത്തിലെത്തുകയും ചെയ്തു. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ അമൃതവരെയുള്ള യാത്രാ സൗകര്യം ആരോഗ്യ വകുപ്പ് ഒരുക്കിയിരുന്നു. തുടര്‍ന്ന് ആവണിയും പ്രിന്‍സും അമൃതയിലെ ഗസ്റ്റ് ഹൗസില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞു.

ഇവര്‍ നാട്ടിലെത്തുന്നതിന് മുമ്പ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു.ഇതിനിടെ മെയ് 22ന് ഹൃദ്യം പദ്ധതി വഴി കുഞ്ഞിന് ശസ്ത്രക്രിയ നടത്തി. രണ്ട് ദിവസം കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടതായി വന്നു. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞതോടെ അമ്മയും അച്ഛനും കുഞ്ഞിനെ കണ്ടു. ശസ്ത്രകൃയ കഴിഞ്ഞുള്ള നിരീക്ഷണത്തിന് ശേഷം കഴിഞ്ഞ ദിവസം അവര്‍ കുട്ടിയോടൊപ്പം വീട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ സുഖമായിരിക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്.