Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കൊവിഡ് മരണം മറച്ചുവെക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ

രോഗവ്യാപനം കൂടിയതോടെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ നിന്നും  ഒഴിവാക്കപ്പെടുന്ന മരണങ്ങളുടെ എണ്ണവും കൂടുന്നതായാണ് ആരോപണം ഉയർന്നത്.  കൊവിഡ് രൂക്ഷമായ ജൂലെ മാസത്തിൽ മാത്രം 22 മരണങ്ങൾ വിവിധ കാരണങ്ങളാൽ കോവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു

KK Shylaja on Covid deaths in Kerala
Author
Thiruvananthapuram, First Published Aug 4, 2020, 3:13 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരായി മരിച്ചവരെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചർ. കോവിഡ് മരണം മറച്ചു വെക്കുന്നില്ല. മരണങ്ങൾ മറച്ചു വെക്കുന്നുവെന്ന പ്രചാരണം ശരിയല്ല. ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും, മെഡിക്കൽ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് മരണം ഉൾപ്പെടുത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.

താമസം വരുന്നത് സാമ്പിൾ ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കേണ്ടി വരുന്നതിനാലാണ്. മധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ മരണങ്ങൾ പിന്നീട് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരണങ്ങൾ തരംതിരിച്ച് ഒഴിവാക്കുന്നതിന് സർക്കാരിന് എതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി.

രോഗവ്യാപനം കൂടിയതോടെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ നിന്നും  ഒഴിവാക്കപ്പെടുന്ന മരണങ്ങളുടെ എണ്ണവും കൂടുന്നതായാണ് ആരോപണം ഉയർന്നത്.  കൊവിഡ് രൂക്ഷമായ ജൂലെ മാസത്തിൽ മാത്രം 22 മരണങ്ങൾ വിവിധ കാരണങ്ങളാൽ കോവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. മരിച്ചവർ കോവിഡ് ബാധിതരാണെങ്കിലും എല്ലാ കേസുകളിലും മരണകാരണം കോവിഡായി കാണാനാവില്ലെന്ന മാർഗനിർദേശമനുസരിച്ചാണ് ഇതെന്നായിരുന്നു സർക്കാർ വിശദീകരണം.

ഹൃദ്രോഗികൾ, കാൻസർ, വൃക്കരോഗികളടക്കമുള്ളവർ കോവിഡ് ഗുരുതരമായി ബാധിക്കുന്നവരാണെന്നിരിക്കെ, ഇത്തരക്കാർ മരിച്ചാൽ മരണം കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്തുന്നില്ലെന്നാണ് പരാതി. ഇതിൽ ആരോഗ്യമേഖലയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഗുരുതരമായ മറ്റ് രോഗങ്ങളുള്ളയാൾ മരിച്ചാലും കൊവിഡ് സ്ഥിരീകരിച്ചത് കൊണ്ടു മാത്രം  കൊവിഡ് മരണമാകില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നത്. ലോകാരോഗ്യ സംഘ‍നയും ഐസിഎംആറും നൽകിയ മാർഗനിർദേശ പ്രകാരമാണ് നടപടികളെന്ന് വിശദീകരണം. മൃതദേഹങ്ങളിൽ ട്രൂനാറ്റിന് പുറമെ ആർടിപിസിആർ പരിശോധന കൂടി വേണ്ടതിനാൽ ഫലങ്ങൾ വൈകാറുണ്ട്.

Follow Us:
Download App:
  • android
  • ios