റസീറ്റുകള്‍ ശേഖരിക്കുന്നതിന് കുറച്ച് കൂടി സമയം വേണമെന്നാണ് ആവശ്യം. സ്വത്ത് വിവരം സംബന്ധിച്ച സംശയങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ഹാജറാക്കുമെന്നും ഷാജി അറിയിച്ചിട്ടുണ്ട്. 

കോഴിക്കോട്: വീട്ടിൽ നിന്ന് വിജിലന്‍സ് കണ്ടെടുത്ത 47 ലക്ഷം രൂപയുടെ ഉറവിടം കാണിക്കാന്‍ കെ.എം ഷാജി എം.എല്‍.എ രണ്ട് ദിവസം കൂടി സാവകാശം തേടി. തെരഞ്ഞെടുപ്പ് ചെലവിലേക്ക് സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്തതാണിതെന്നും തെളിവായി റസീറ്റുകള്‍ ഹാജറാക്കുമെന്നും ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു. 

റസീറ്റുകള്‍ ശേഖരിക്കുന്നതിന് കുറച്ച് കൂടി സമയം വേണമെന്നാണ് ആവശ്യം. സ്വത്ത് വിവരം സംബന്ധിച്ച സംശയങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ഹാജറാക്കുമെന്നും ഷാജി അറിയിച്ചിട്ടുണ്ട്. അതേസമയം അന്വേഷണ സംഘം ഇതുവരെയുള്ള വിവരങ്ങള്‍ ഇന്ന് കോഴിക്കോട് വിജിലന്‍സ് കോടതിക്ക് കൈമാറിയേക്കും.

അതേ സമയം കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സന്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ടതിനാലാണ് സംഘം വിപുലീകരിക്കുന്നത്. 

2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുളള കെ.എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുളള സ്വത്ത് വകകള്‍, ബാങ്ക് ഇടപാടുകള്‍, എന്നിവയുടെ വിശദമായ കണക്കെടുപ്പാണ് നടത്തേണ്ടത്. വീട് ഉള്‍പ്പെടെയുളള വസ്തുവകകളുടെ മൂല്യ നിര്‍ണ്ണയവും നടത്തണം.