കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജിയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യുന്നത് പൂർത്തിയായി. രാവിലെ 10 മണിക്കാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. നാലര മണിക്കൂറാണ് ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തത്. വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഷാജിയുടെ വീടുകളിൽനിന്ന് കണ്ടെടുത്ത പണം, സ്വർണ്ണം എന്നിവയുടെ ഉറവിടവുമായി ബന്ധപ്പെട്ട വിവരങ്ങളാണ്  വിജിലൻസ് തേടുന്നത്. 

റെയ്‍ഡ് കഴിഞ്ഞ ശേഷം വ്യാപകമായ വ്യാജപ്രചാരണങ്ങളാണ് പുറത്തുവന്നതെന്നാണ് കെ എം ഷാജി പറയുന്നത്. സ്ഥലക്കച്ചവടത്തിനായി ബന്ധു കൊണ്ടുവച്ച പണമാണെന്നാണ് ചിലയിടത്ത് വാർത്തകൾ വന്നത്. അങ്ങനെ താനാരോടും പറഞ്ഞിട്ടില്ല.  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ശേഖരിച്ച പണമായിരുന്നു വിജിലൻസ് കണ്ടെത്തിയത് എന്നാണ് ഷാജി പറയുന്നത്. 47 ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് ഷാജി വ്യക്തമാക്കുന്നത്.

''ക്യാമ്പ് ഹൗസിൽ ഒരു ബെഡ് റൂമേയുള്ളൂ, അതിൽ ഒരു കട്ടിലേയുള്ളൂ, അതിന് താഴെയാണ് പണമുണ്ടായിരുന്നത്. ക്ലോസറ്റിനും ഫ്രിഡ്ജിനും താഴെയാണ് പണമുണ്ടായിരുന്നത് എന്നാണ് ചിലരൊക്കെ പറഞ്ഞ് പ്രചരിപ്പിച്ചത്. കള്ളും കഞ്ചാവുമടിച്ച് വല്ലയിടത്തും കിടന്നുറങ്ങുന്നവർക്ക് അവിടെയാകും പണം സൂക്ഷിക്കുന്നതെന്ന് തോന്നും. അത് സ്വാഭാവികമാണല്ലോ. ഇലക്ഷന് വേണ്ടി പിരിച്ചെടുത്ത തുക ആയതിനാൽ കൗണ്ടർ ഫോയിൽ ശേഖരിക്കണം. ഇതിന് സാവകാശം വേണം. പണം മറ്റാതിരുന്നത് കൃത്യമായ രേഖ ഉള്ളതിനാലാണ്. ലോകത്തിലെ പല രാജ്യങ്ങളിലെ കറൻസി മക്കൾ ശേഖരിച്ച് വച്ചതാണ്'', അതിൽ വിജിലൻസിന് സംശയമില്ലെന്ന് ഷാജി പറയുന്നത്. 

വീണ്ടും ചോദ്യം ചെയ്യാൻ നിലവിൽ വിളിപ്പിച്ചിട്ടില്ല. ഒരാഴ്ചയ്ക്കകം രേഖകൾ കാണിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അത് ഹാജരാക്കും. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ശേഖരിച്ച പണത്തിന്‍റെ കൃത്യമായ രേഖകളുണ്ടെന്നാണ് കെ എം ഷാജി പറയുന്നത്. ''തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ശേഖരിച്ച പണത്തിന് കുറ്റിയും രശീതിയും മറ്റ് രേഖകളുമുണ്ട്. അത് കൃത്യമായി ഹാജരാക്കും. മണ്ഡലം കമ്മിറ്റി പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന്‍റെ മിനിട്സ് അടക്കം ഹാജരാക്കിയിട്ടുണ്ട്. ഇതടക്കം പ്രാഥമിക രേഖകൾ ഇന്ന് വിജിലൻസിന് നൽകി. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും'', എന്ന് കെ എം ഷാജി. 

കെ എം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് കൊടുത്തത് എം ആര്‍ ഹരീഷാണ്. അഭിഭാഷകനും കോഴിക്കോട്ടെ സിപിഎം പ്രാദേശിക നേതാവുമാണ് ഹരീഷ്. 

2012മുതല്‍ 21 വരെയുളള ഷാജിയുടെ സ്വത്തില്‍ വന്ന വളര്‍ച്ചയാണ് വിജിലന്‍സ് അന്വഷിക്കുന്നത്. ഈ കാലയളവില്‍ ഷാജിയുടെ സ്വത്ത് 160 ശതമാനത്തിലേറെ വളര്‍ന്നെന്ന് വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. കോഴിക്കോട്ടെ വീടിന് മാത്രം രണ്ടര കോടിയോളം രൂപ നിര്‍മാണ ചെലവ് വന്നിട്ടുണ്ട്. ഈ വീട് നിര്‍മിച്ചത് 2016-ലാണ്. ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് ഏപ്രില്‍ 11നാണ്. കണ്ണൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 48 ലക്ഷം രൂപയാണ്. ഫ്രിഡ്ജിനടിയിലും ടിവിക്കുളളിലും ബാത്റൂമിനുളളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്ന് വിജിലന്‍സ് വൃത്തങ്ങൾ പറയുന്നു. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 460 ഗ്രാം സ്വര്‍ണം, വിദേശ കറന്‍സി, 77ഓളം വിവിധ രേഖകൾ എന്നിവയാണ്.