ജിഎസ്ടി നഷ്ടപരിഹാര കാലാവധി കൂട്ടിയില്ലെങ്കില്‍ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകും. ബജറ്റില്‍ പ്രഖ്യാപിച്ച ഒരു രാജ്യം ഒരു രജിസ്‌ട്രേഷനില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പുണ്ട്. 

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ (Union Budget) വിമര്‍ശിച്ച് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ (KN Balagopal) . ബജറ്റ് അവതരണത്തിന് ശേഷം ഇന്ധനത്തിന് വില (Fuel Price) കൂടാനുള്ള സാഹചര്യമുണ്ടെന്നും സംസ്ഥാന ധനമന്ത്രി പറയുന്നു. ഞ്ഞു. രണ്ട് രൂപ വര്‍ധിക്കാനാണ് സാധ്യത. കെ റെയിലിന് (K Rail) സഹായമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും നിലവില്‍ കെ റെയില്‍ സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നുമില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കേന്ദ്ര ബജറ്റ് കേരളത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി കൂട്ടിയില്ലെങ്കില്‍ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകും. ബജറ്റില്‍ പ്രഖ്യാപിച്ച ഒരു രാജ്യം ഒരു രജിസ്‌ട്രേഷനില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനും സംസ്ഥാന വിഷയമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 

കാര്‍ഷിക മേഖലക്കുള്ള സഹായം കുറഞ്ഞു. വാക്‌സീന് മാറ്റി വച്ച തുകയും കുറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ 39,000 കോടി മാറ്റിവച്ചിടത്ത് ഇപ്പോള്‍ അത് 5,000 കോടി മാത്രമേ ഉള്ളൂ. വാക്‌സീന്‍ എല്ലാവരിലേക്കും എത്തിയിട്ടില്ല. ഇനി ബൂസ്റ്റര്‍ ഡോസ് അടക്കം നല്‍കാനുണ്ട്. അങ്ങനെയുള്ളപ്പോഴാണ് വാക്‌സീന്‍ ബജറ്റ് വിഹിതം കുറച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് ബജറ്റില്‍ കാണാനില്ല. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ ബജറ്റിലെ വിഹിതം മാത്രമാണ് ഇത്തവണയും നല്‍കിയട്ടുള്ളത്. കാര്‍ഷിക മേഖല, ഭക്ഷ്യ സബ്‌സിഡി ഇനങ്ങളിലും മാറ്റി വച്ച തുക കുറവാണ്. സഹകരണ സംഘങ്ങള്‍ക്ക് നികുതി കുറച്ചത് വലിയ കാര്യമല്ലെന്നും നേരത്തെ നികുതി ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.