വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിനെ വെട്ടിയ കേസിലെ പ്രതി പോലീസിനെ കണ്ട് അച്ചൻകോവിലാറ്റിൽ ചാടി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവശനായി മുങ്ങിത്താഴാൻ തുടങ്ങിയ ഇയാളെ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്തു. ഇയാൾ മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ഹരിപ്പാട്: വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തിക്ക് വെട്ടിയ കേസിലെ പ്രതി പോലീസിനെ കണ്ട് അച്ചൻകോവിലാറ്റിൽ ചാടി. മുങ്ങിത്താഴാൻ തുടങ്ങിയ ഇയാളെ പൊലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. കരയ്ക്കെത്തിച്ച ശേഷം അറസ്റ്റ് ചെയ്തു. പള്ളിപ്പാട് മാധവം അജയ് ഭവനം വീട്ടിൽ ഷിബു (45) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.

മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 107 പടശേഖരത്തിന് സമീപമുള്ള മോട്ടോർ തറയിൽ ഷിബു ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ പ്രതി ആറ്റിലേക്ക് ചാടുകയായിരുന്നു. എന്നാൽ ആറിന്റെ എല്ലാ വശങ്ങളിലും നേരത്തെ തന്നെ നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ പ്രതി രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തി. പൊലീസിൻ്റെ പിടിയിലാകാതിരിക്കാൻ ഏറെ നേരം പ്രതി നീന്തി. ഒടുവിൽ അവശനായി. ഇതോടെ ആറ്റിൽ മുങ്ങിത്താഴാൻ തുടങ്ങി. ഈ സമയത്ത് സമയോചിതമായി ഇടപെട്ട പൊലീസുകാർ ഇയാളെ രക്ഷിച്ച് കരക്കെത്തിച്ചു.

മദ്യപിച്ച് സ്ത്രീകളെ അസഭ്യം പറയുന്നതും കടന്നുപിടിക്കുന്നതും പതിവാക്കിയ ഇയാൾ മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. ഹരിപ്പാട് എസ് എച്ച് ഒ വി ഷിബു, എസ്ഐ ബാബുജി എന്നിവരുടെ നേതൃത്വത്തിൽ എ എസ്ഐ എം ശിഹാബ്, സി പി ഒ മാരായ നിസാം, സജാദ്, ഹരിപ്രസാദ്, പ്രദീപ് ഉണ്ണികൃഷ്ണൻ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.