കൊച്ചി: കൊച്ചി മേയർ മാറ്റം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടെ കോർപ്പറേഷനിലെ സ്ഥിരം സമിതികളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആശ്വാസജയം. തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സ്ഥിരം സമിതികളിലേക്കും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു. അതേസമയം നഗരസഭയിലെ ഭരണപ്രതിസന്ധിക്ക് കാരണം ഭരണപക്ഷത്തിനിടയിലെ തർക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിനെ മാറ്റാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമായാണ് സ്ഥിരം സമിതി അധ്യക്ഷൻമാരോട് രാജിവയ്ക്കാൻ ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. ഇതെത്തുടർന്ന് വന്ന സ്ഥിരം സമിതി അംഗങ്ങളുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഭൂരിപക്ഷമുണ്ടായിട്ടും കൗൺസിലർമാർ വോട്ട് മറിച്ചതിനാൽ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം യുഡിഎഫിന് നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട്തന്നെ വീണ്ടും ഒരു അട്ടിമറി ഒഴിവാക്കാൻ ജില്ലാ നേതൃത്വം മുൻകരുതൽ സ്വീകരിച്ചിരുന്നു. ധനകാര്യ സമിതി അംഗമായി ഡെലീന പിൻഹീറോയും ക്ഷേമകാര്യ സമിതി അംഗമായി പി.ഡി.മാർട്ടിനും പൊതുമരാമത്ത് സമിതി അംഗമായി വിജയകുമാറും ജയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അംഗത്തിനായുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് കൗൺസിലർ എ.വി.സാബു യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഒന്നാം വോട്ട് നൽകിയില്ല.

യുഡിഎഫിന് ഭൂരിപക്ഷമുള്ള നികുതികാര്യ സ്ഥിരം സമിതിയിൽ ഇരുപക്ഷവും മത്സരിച്ചില്ല. അതേസമയം നഗരസഭയിൽ ഭരണപ്രതിസന്ധിയാണെന്നും ഭരണപക്ഷത്തിനുള്ളിലെ തർക്കങ്ങളാണ് ഈ അവസ്ഥക്ക് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. മേയറെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി വികസനകാര്യ സമിതി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ കോൺഗ്രസ് നേതൃത്വം അന്ത്യശാസനം നൽകിയിട്ടും ഗ്രേസി ജോസഫ് തയ്യാറായിട്ടില്ല.