പെറ്റി കേസുകൾ എടുക്കുന്നതിൽ പല സ്റ്റേഷനുകളും പിന്നിലാണെന്നാണ് ഡിസിപിയുടെ വിമർശനം. പൊലീസ് പരിശോധന അതിരുകടക്കുന്നെന്ന വിമർശനങ്ങൾക്കിടെയാണ് കേസുകൾ കൂട്ടാനുള്ള ഡിസിപിയുടെ താക്കീത്. 

കൊച്ചി: കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കൊച്ചി ഡിസിപിയുടെ കര്‍ശന നിര്‍ദ്ദേശം. ഡിസിപി ഐശ്വര്യ ദോഗ്രെയുടെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വയര്‍ലസിലൂടെ അയച്ച സന്ദേശത്തിൻ്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

YouTube video player

കൊവിഡ് പരിശോധനയുടെ മറവില്‍ പൊലീസ് ജനങ്ങളെ പീഡിപ്പിക്കുന്നു എന്ന വിമര്‍ശനം വ്യാപകമാകുമ്പോഴാണ് കേസുകള്‍ വീണ്ടും കൂട്ടണമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ താക്കീത്. പെറ്റികേസുകളെടുത്ത് പൊലീസ് ജനങ്ങളെ പിഴിയുന്നുവെന്ന വിമര്‍ശനം അടുത്തിടെ നിയമസഭയിലും വലിയ ബഹളത്തിനിടയാക്കിയിരുന്നു. 

പെറ്റി കേസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഒരോ സ്റ്റേഷനും ചുരുങ്ങിയത് പത്ത് കേസെങ്കിലും സ്വമേധയാ രജിസ്റ്റര്‍ ചെയ്യണെന്ന നിര്‍ദ്ദേശവും നിലവിലുണ്ടെന്ന് പൊലീസുകാര്‍ പറയുന്നു. ഈ ടാർഗറ്റ് തികയ്ക്കാൻ ജനങ്ങളുടെ മേല്‍ കുതിര കയറുകയല്ലാതെ മറ്റെന്ത് ചെയ്യുമെന്നാണ് പൊലീസുകാരുടെ ചോദ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona