കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മഹാരാജാസ് ​മെട്രോ സ്റ്റേഷൻ ​ഗ്രൗണ്ടിൽ വച്ച് നാട മുറിച്ചാണ് മുഖ്യമന്ത്രി കൊച്ചി മെട്രോയുടെ പുതിയ പാത ജനങ്ങൾക്ക് തുറന്നുകൊടുത്തത്. ഹൈബി ഈഡൻ എംപി, കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിം​ഗ് പുരി, മന്ത്രിമാരായ എംഎം മണി, എ കെ ശശീന്ദ്രന്‍, പിടി തോമസ് എംല്‍എ, മുന്‍ എം പി കെവി തോമസ്, കൊച്ചി മേയർ കെ സൗമിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മഹാരാജാസ് ​സ്റ്റേഷനിൽ നിന്ന് മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി, പ്രധാന പരിപാടികൾ നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ  സ്റ്റേഡിയത്തിലെത്തും. ഇവിടെ വച്ചാണ് പുതിയ പാതയുടെയും വാട്ടർ മെട്രോ ആദ്യ ടെർമിനലിന്റെയും പേട്ട എസ് എൻ ജംഗ്ഷന്‍റെയും നിർമ്മാണ ഉദ്ഘാടനം നടക്കുക.

മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെ 5.5 കിലോമീറ്റർ ആണ് പാതയുടെ നീളം. പുതിയ പാത ഉൾപ്പടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററാകും. മഹാരാജാസ് -തൈക്കൂടം പാതയിൽ അഞ്ച് സ്റ്റേഷനുകളാണുള്ളത്. ഇതോടെ, ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആകും. അതേസമയം, നാളെ മുതൽ മാത്രമേ ഈ റൂട്ട് വഴി മെട്രോ സർവീസുകൾ നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുന്നതിനായി വിവിധ ആനൂകൂല്യങ്ങളും മെട്രോ പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ മുതൽ പതിനാല് ദിവസത്തേക്ക് യാത്രക്കാ‍ർക്ക് ടിക്കറ്റിൽ 50 ശതമാനം ഇളവ് ലഭിക്കും. പാർക്കിങ്ങ് ചാർജുകൾ പൂർണ്ണമായും എടുത്തുമാറ്റിയിരിക്കുകയാണ്. പാ പ്രതിരോധത്തിൽ ഉൾപ്പടെ നഴ്സുമാർ വഹിച്ച പങ്കിന് ആദരസൂചകമായി ജില്ലയിലെ വിവിധ ഭാ​ഗങ്ങളിലെ നഴ്സുമാർക്ക് കൊച്ചി മെട്രോയിൽ യാത്ര ഒരുക്കിയിട്ടുണ്ട്.