കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍ നിര്‍മ്മാണം അടിയന്തരമായി തുടങ്ങും. മറ്റന്നാള്‍ മുതൽ മേൽപ്പാലം പൊളിച്ചുതുടങ്ങാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി-ഡിഎംആർസി സംയുക്തയോഗത്തിൽ തീരുമാനമായി.ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ പകലും രാത്രിയുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടത്താനാണ് തീരുമാനം. 8 മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കുമെന്ന് ഡിഎംആർസി അറിയിച്ചു. ടാറ് ഇളക്കിമാറ്റുന്നതിനുള്ള പ്രാഥമിക ജോലികളാകും തിങ്കളാഴ്ച തുടങ്ങുക. 

പാലം പൊളിച്ചുപണിയുന്നതിന് ഡിഎംആർസിക്ക് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. മെട്രോമാൻ ഇ.ശ്രീധരനാണ് പാലം പുനർനിർമ്മാണത്തിൻ്റെ മേൽനോട്ടം വഹിക്കുക. മറ്റ് നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് സർക്കാർ നൽകിയിട്ടുള്ള തുകയിൽ ബാക്കിവന്ന പണത്തിൽ നിന്നും പാലംപൊളിച്ചുപണി തുടങ്ങുമെന്ന് നേരത്തെ ഇ.ശ്രീധരൻ സർക്കാരിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

എട്ടുമാസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പാലം പണി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ഡിഎംആർസി അധികൃതരുടെ പ്രതീക്ഷ. ടാറ് ഇളക്കി മാറ്റുന്നതിനുള്ള  പ്രാഥമികഘട്ടത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകില്ലെങ്കിലും പാലത്തിന്റെ കോൺഗ്രീറ്റ് ഭാഗം പൊളിച്ചുമാറ്റുന്ന പണി ആരംഭിക്കുമ്പോൾ ഗതാഗത നിയന്ത്രണങ്ങളുമുണ്ടായേക്കും. ഈ സാഹചര്യത്തിൽ പാലത്തിന്റെ ഒരു വശം ഗതാഗതത്തിന് തുറന്ന് നൽകുകയും മറ്റേവശത്ത് പണി നടത്താനുമാണ് സാധ്യത. ജില്ലാഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹായത്തിൽ ഇക്കാര്യങ്ങൾ നടത്താനാണ് ഡിഎംആർസി തീരുമാനം.