രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് പൊലീസ് അറിയിച്ചത്.
കൊച്ചി : ഊട്ടിയിൽ നിന്ന് മോഷ്ടിച്ച കാർ കടത്തിക്കൊണ്ടു വന്നുവെന്ന സംശയത്തിൽ കൊച്ചിയിൽ പിടിച്ചെടുത്ത രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള കണ്ടെയ്നർ ലോറി പൊലീസ് തുറന്ന് പരിശോധിച്ചു. കാർ കണ്ടെത്താനായില്ല. കാർ വഴിയിൽ മറ്റെവിടെയോ ഇറക്കിയതായാണ് പൊലീസ് സംശയം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് പൊലീസ് അറിയിച്ചത്. കണ്ടെയ്നറിനുള്ളിൽ നിലവിൽ കാറില്ല.
പൊലീസ് പിടികൂടും മുൻപ് കാർ ഇറക്കിയെന്നാണ് സംശയിക്കുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് ഒരു കാർ മോഷ്ടിച്ച് കണ്ടെയ്നറിൽ കടത്തുന്ന ദൃശ്യങ്ങൾ ഗുരുബറപള്ളി പൊലീസിന് ലഭിച്ചിട്ടുണ്ട്. മാരുതി എക്കോ വാഹനമാണ് മോഷ്ടിച്ചത്. മോഷ്ടിച്ച കാർ ഉപയോഗിച്ച് എടിഎം കൊള്ളയടക്കം നടത്താൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് പൊലീസ് കേരളത്തിലെയടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.



