തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസ് സംഘത്തിന് തൃശ്ശൂരിൽ താമസസൗകര്യമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഹോട്ടൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് പൊലീസിന് മൊഴി നൽകിയ ഹോട്ടൽ ജീവനക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

ഏപ്രിൽ 2 ന് വൈകിട്ട് 7 മണിയോടെയാണ് ഹോട്ടൽ നാഷണൽ ടൂറിസ്റ്റ് ഹോമിൽ മുറി ബുക്ക് ചെയ്തത്. 215, 216 നമ്പർ മുറികളാണ് ബുക്ക് ചെയ്തത്. 215ൽ ധർമ്മരാജനും 216ൽ ഷം ജീറും റഷീദും താമസിച്ചു. പണം കൊണ്ടുവന്നത് എർടിഗയിൽ ആണ്. ധർമ്മരാജൻ വന്നത് ക്രറ്റയിൽ ആണ്. ജീവനക്കാരൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടൽ രേഖകളും സി സി ടിവിയും അന്വേഷണ സംഘം കണ്ടെടുത്തു.ധർമരാജിനേയും ഡ്രൈവർ ഷംജീറിനേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൊലീസ് ക്ലബിൽ ഹാജരാകാൻ ഇരുവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

കേസിൽ ബി ജെ പി സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം മുമ്പോട്ട് പോകുകയാണ്. ഇരുവർക്കും നോട്ടീസ് നൽകി. രണ്ടു ദിവസത്തിനുള്ളിൽ ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഇന്നലെ ബിജെപി  ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി.കർത്തയെ ആലപ്പുഴയിൽ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ മൊഴികളുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിലാണ് ബി ജെ പി നേതാക്കളിലേക്ക് അന്വേഷണം എത്തുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona