പണം വന്നത് കർണാടകയിൽ നിന്നാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്
കൊച്ചി: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ മൂന്നരക്കോടി എത്തിയത് ആലപ്പുഴ സ്വദേശിക്ക് കൈമാറാനാണെന്ന് പൊലീസ് കണ്ടെത്തി. ഇടപാടിന് ഇടനില നിന്ന ധർമരാജൻ, സുനിൽ നായിക് എന്നിവരിൽ നിന്നാണ് പൊലീസിന് ഈ മൊഴി കിട്ടിയത്. ഇയാൾ ആർക്കാണ് ഈ പണം കൈമാറുന്നതെന്ന് അറിയില്ലെന്നും ഇവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
ആലപ്പുഴ സ്വദേശി ആരെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞതായാണ് സൂചന. ഇയാളെ ചോദ്യം ചെയ്യാൻ പൊലീസ് ഉടനെ നോട്ടീസ് നൽകും. മൂന്നരക്കോടി കുഴൽപ്പണം വന്നത് കർണാടകയിൽ നിന്നാണെന്നും ബിജെപിയുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നു തന്നെയാണ് പണം വന്നതെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം കൊടകര കുഴൽപ്പണ കവർച്ചാകേസിൽ അന്വേഷണസംഘത്തിന് മുൻപാകെ ബിജെപി സംസ്ഥാന നേതാക്കൾ ചോദ്യം ചെയ്യല്ലിന് ഹാജരാകില്ല. ചോദ്യം ചെയ്യല്ലിന് ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം നിർദേശം നൽകിയിരുന്നു.
ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ് തൃശ്ശൂരിൽ ഹാജരാകാൻ നിർദേശം നൽകിയത്. ഫോണിലൂടെയാണ് അന്വേഷണ സംഘം ഇരുവർക്കും നിർദേശം നൽകിയത്. എന്നാൽ അസൗകര്യങ്ങൾ മൂലം ചോദ്യം ചെയ്യല്ലിന് ഹാജരാകാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഗണേശനും ഗിരീഷും അറിയിച്ചതായാണ് വിവരം.
കൊടകരയിൽ വച്ചു കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ എവിടെനിന്ന് ആര്‍ക്ക് കൊണ്ടുപോവുകയാണെന്ന് അറിയുന്നതിനാണ് പൊലീസ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത്. പണം വന്ന വിവരം അറിയില്ലെന്നും കവർച്ച കേസിലെ പ്രതികളെ അറിയില്ലെന്നുമാണ് ബി.ജെ.പി ജില്ലാ നേതാക്കളുടെ മൊഴി .വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.
തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ. ആർ ഹരി, ട്രഷറർ സുജയ് സേനൻ ബി.ജെ.പി മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവർക്ക് പിന്നാലെയാണ് സംസ്ഥാന നേതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കാറില്‍ കൊണ്ടുവന്ന മൂന്നരകോടി അനധികൃധ പണമാണെന്ന്
അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.ഈ പണം കൊണ്ടുവന്നത് ആര്‍ക്കാണെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. 3 ജില്ലാ നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കളിലേക്ക് കൂടി അന്വേഷണം എത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫണ്ട് വന്ന വിവരം അറിയില്ലെന്നും കവർച്ച കേസിലെ പ്രതികളെ അറിയില്ലെന്നുമാണ് ജില്ലാ നേതാക്കളുടെ മൊഴി. പണം തൃശൂർ വഴി കൊണ്ടു പോകുന്ന കാര്യം പോലും അറിയില്ലായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോർച്ച നേതാവ് സുനില്‍ നായിക്കും ആർ.എസ്.എസ് പ്രവർത്തകൻ ധര്‍മ്മരാജനും നേരത്തെ മൊഴി നൽകിയിരുന്നു.
വാഹനാപകടമുണ്ടാക്കി കാറിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജിന്റെ ഡ്രൈവർ ഷംജീർ നൽകിയ പരാതി. പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതൽ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പണം കൊടുത്തുവിട്ട ആളെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
