വിഷ മദ്യ ദുരന്തമാണോ എന്ന കാര്യം അന്വേഷിക്കുമെന്നും, എല്ലാ സാധ്യതകളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. 

കോഴിക്കോട്: കോടഞ്ചേരിയിൽ മദ്യം കഴിച്ച് അവശനിലയിൽ ചികിത്സയിൽ കഴിയുന്നവരുടെ രക്തസാമ്പിൾ പരിശോധനാ ഫലം പുറത്ത് വന്നു. ഇരുവരുടേയും ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തി. ഇത് വിഷമദ്യം കഴിച്ചത് മൂലമാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. മദ്യം കഴിച്ച് അവശനിലയിലായവരിൽ ഒരാൾ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചിരുന്നു. 

കോടഞ്ചേരി പാലക്കലിൽ ചെമ്പേരി കോളനിയിൽ കൊളുമ്പൻ (65) എന്ന ആദിവാസി വൃദ്ധനാണ് ഇന്നലെ മദ്യപിച്ച് അവശനിലയിൽ ആശുപത്രിയിൽ വച്ച് മരിച്ചത്. കൊളുമ്പനൊപ്പം മദ്യപിച്ച നാരായണൻ, ഗോപാലൻ എന്നിവർ അവശ നിലയിൽ ആശുപത്രിയിലാണ്. ഇരുവരും അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

കൊയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് മൂവരും. റബ്ബര്‍ തോട്ടത്തില്‍ കീടനാശിനിയും മറ്റും സൂക്ഷിക്കുന്ന കെട്ടിടത്തില്‍ വച്ചായിരുന്നു മൂവരും മദ്യപിച്ചത്. ഇവര്‍ കഴിച്ചത് ഏതു തരം മദ്യമാണെന്ന് വ്യക്തമായിട്ടില്ല.

മൂവരും കഴിച്ചത് വിഷമദ്യമാണോ എന്ന സംശയത്തെത്തുടർന്നാണ് ഇന്ന് മൂവരുടെയും രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. മരണകാരണം വിഷമദ്യമല്ലെന്നാണ് എക്സൈസ് വകുപ്പിന്‍റെ പ്രാഥമിക നിഗമനം. അങ്ങനെയാണ് ഡോക്ടർമാരും പറയുന്നത്. മെഥനോള്‍ കലര്‍ന്ന മദ്യമാണ് കഴിച്ചതെങ്കിൽ അവശനിലയിലായവരുടെ കണ്ണിന്‍റെ കാഴ്ച പോവുകയോ, രക്തം ഛർദ്ദിക്കുകയോ ചെയ്തേനെ. ഇത് രണ്ടുമുണ്ടായിട്ടില്ല. മൂവരും അവശ നിലയിലായതിന് പിന്നിൽ വേറെ എന്തെങ്കിലുമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകശ്രമവും പൊലീസ് തള്ളിക്കളയുന്നില്ല.

അതേസമയം, വിഷ മദ്യ ദുരന്തമാണോ എന്ന കാര്യം അന്വേഷിക്കുമെന്നും, എല്ലാ സാധ്യതകളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. 

 ഭക്ഷണത്തിൽ വിഷം കലർന്നതാണോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. മരിച്ച കൊളുമ്പന്‍റെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരും. 

ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വിവിധ ആദിവാസി മേഖലകളില്‍ പൊലീസും എക്സൈസും പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.