ദില്ലി: കാർഷിക ബില്ലിനെതിരെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടാണന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. പ്രമേയത്തിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ നിന്നുള്ള എംപി ജസ്ബീർ സിങിനൊപ്പം സമരപ്പന്തലിൽ വെച്ച് അദ്ദേഹം ഭക്ഷണം കഴിച്ചു.

യുഡിഎഫിനെ നയിക്കുന്നത് ലീഗാണെന്ന് കാണിച്ച് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. യുഡിഎഫിനെ നയിക്കുന്നത് കോൺഗ്രസ് തന്നെയാണ്. വർഗീയ കാർഡിറക്കുന്നത് അധികാരത്തിന് വേണ്ടിയുള്ള കുരുട്ട് ബുദ്ധിയാണ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും സിപിഎമ്മിന്റെ വിമർശനങ്ങളെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നേതൃ മാറ്റമല്ല വേണ്ടത്. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടണം. സംഘടനാ തലത്തിൽ അത്തരമൊരു ആവശ്യം ആരും ഉന്നയിച്ചിട്ടില്ല. മുസ്ലിം ലീഗിനെ കൂടെ കൂട്ടാൻ എൽ ഡി എഫ് പല തവണ ശ്രമിച്ചതാണ്. എൽഡിഎഫ് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയാൽ അത് വിപ്ലവവും കോൺഗ്രസ് ചർച്ച നടത്തിയാൽ അത് വർഗീയവുമാവുന്നു. കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയെ ഹൈക്കമാന്റ് നിയമിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.