Asianet News MalayalamAsianet News Malayalam

സമ്പത്ത് 'ഷാഡോ മിനിസ്റ്റര്‍', സിപിഎമ്മിന് ദളിത് സ്നേഹം തൊലിപ്പുറത്ത് മാത്രം; കൊടിക്കുന്നില്‍ സുരേഷ്

'കെ.രാധാകൃഷ്ണന്റെ 'റിമോട്ട് കൺട്രോൾ' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചത്. അങ്ങനെയെങ്കിൽ അത് ചോദ്യം ചെയ്യാനുള്ള ആർജവം രാധാകൃഷ്ണൻ കാണിക്കണം'.

kodikkunnil suresh mp facebook post against minister k radhakrishnan ps a sampath appointment
Author
Alappuzha, First Published Jul 18, 2021, 8:38 PM IST

തിരുവനന്തപുരം: സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ എംപി എ. സമ്പത്തിനെ നിയമിച്ചതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി. കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയും നേതാവുമായി കഴിവ് തെളിയിച്ച കെ. രാധാകൃഷ്ണന് മേലേക്കൂടി എ.സമ്പത്തിനെ പ്പോലെയൊരു നേതാവിനെ "ഷാഡോ മിനിസ്റ്റർ" ആയി നിയമിച്ചത് മന്ത്രിയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക്  പോസ്റ്റിലൂടെയാണ് കൊടിക്കുന്നിലിന്‍റെ വിമര്‍ശനം. സി.പി.എമ്മിന്റെ ദളിത് സ്നേഹം കേവലം തൊലിപ്പുറത്തു മാത്രമാനുള്ളത്.  കെ.രാധാകൃഷ്ണന്റെ 'റിമോട്ട് കൺട്രോൾ' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചത്. അങ്ങനെയെങ്കിൽ അത് ചോദ്യം ചെയ്യാനുള്ള ആർജവം രാധാകൃഷ്ണൻ കാണിക്കേണ്ടതാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറയിന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ആയി മുൻ എം.പി യും ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന എ.സമ്പത്തിനെ നിയമിച്ചത്, ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്‌നം കൊണ്ട് ഉയർന്നു വന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണ്.   

കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയും നേതാവുമായി കഴിവ് തെളിയിച്ച കെ.രാധാ കൃഷ്ണന് മേലേക്കൂടി എ. സമ്പത്തിനെ പ്പോലെയൊരു നേതാവിനെ "ഷാഡോ മിനിസ്റ്റർ" ആയി നിയമിച്ചത് അദ്ദേഹത്തിന്റെ കഴിവുകളിലും ഭരണമികവിലും അദ്ദേഹത്തി ന്റെ സ്വത്വത്തിലും സി.പി.എം വിശ്വസിക്കുന്നില്ലായെന്നതിന്റെയും, സി.പി.എമ്മിന്റെ ദളിത് സ്നേഹം കേവലം തൊലിപ്പുറത്തു മാത്രമാനുള്ളത്.  കെ.രാധാകൃഷ്ണന്റെ 'റിമോട്ട് കൺട്രോൾ' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചതെന്നും അങ്ങനെയെങ്കിൽ അത് ചോദ്യം ചെയ്യാനുള്ള ആർജവം രാധാകൃഷ്ണൻ കാണിക്കേണ്ടതാണ്.

ഒപ്പം തന്നെ എ.സമ്പത്തെന്ന,  "സി.പി.എം വെള്ളാന"യെ നികുതിപ്പണം നൽകി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താലാണെന്ന് സി.പി.എം അണികൾ തന്നെ ചോദിക്കേണ്ട കാലം അടുത്തു. കഴിഞ്ഞ ഒന്നാം കോവിഡ് ലോക്ക് ഡൌൺ കാലഘട്ടം മുഴുവനും ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടിയിരുന്ന സമ്പത്ത് തിരുവനതപുരം വിട്ട് എങ്ങും പോവാതെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ട ഒരു വ്യക്തി കൂടിയാണ്.

അനവധി മലയാളികൾക്ക് ഡൽഹിയിൽ പലവിധത്തിലുള്ള സഹായം, യാത്രക്കും, ആശുപത്രി പ്രവേശനത്തിനും ഉൾപ്പെടെ ആവശ്യമായി വന്നപ്പോളൊക്കെ യാതൊരു സഹായവും പ്രത്യേക പ്രതിനിധിയുടെ ഓഫീസിൽ നിന്ന് ലഭ്യമായിട്ടില്ല എന്നതും ഓർക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത്തരത്തിലൊരാളെ മറ്റൊരു മന്ത്രിമാരുടെ കൂടെയും നിയമിക്കാതെ കെ.രാധാകൃഷ്ണന്റെ ഓഫിസിനു മേൽ "സൂപ്പർ മന്ത്രിയായി" അവരോധിച്ചത് അന്യായമാണെന്നും ദളിതരോടുള്ള സി.പി.എം അവഹേളനത്തിന്റെ പുതിയ രീതിയാണ് ഈ നിയമനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios