Asianet News MalayalamAsianet News Malayalam

ബിജെപിയും കോണ്‍ഗ്രസും കലാപത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു: കോടിയേരി

അന്വേഷിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെയും ബിജെപി നേതാക്കളുടെയും ഇടപെടല്‍ സംബന്ധിച്ചുകൂടി പരിശോധിക്കണം.
 

Kodiyeri Balakrishnan facebook post against Congress, BJP
Author
Thiruvananthapuram, First Published Aug 26, 2020, 12:26 PM IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്ത സംഭവം ഉപയോഗിച്ച് കോണ്‍ഗ്രസും ബിജെപിയും കലാപത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സെക്രട്ടറയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും സംയുക്തമായി കലാപത്തിന് വേണ്ടി ശ്രമിക്കുന്നുവെന്നത് ഗൗരവമുള്ള കാര്യമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വളരെ പെട്ടെന്ന് തന്നെ അവിടെ എത്തി കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്.

തീപ്പിടുത്തത്തില്‍ ഏതാനും പേപ്പറുകള്‍ മാത്രമാണ് ഭാഗികമായി കത്തിപ്പോയതെന്ന് വ്യക്തമായിട്ടും കള്ളക്കഥ മെനഞ്ഞെടുക്കാനാണ് ഇവര്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമിച്ചത്. അന്വേഷിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെയും ബിജെപി നേതാക്കളുടെയും ഇടപെടല്‍ സംബന്ധിച്ചുകൂടി പരിശോധിക്കണം. സെക്രട്ടേറിയറ്റില്‍ കയറി ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെടുകയും യു.ഡി.എഫിനകത്ത് വിള്ളല്‍വീഴുകയും ചെയ്തതിന്റെ ജാള്യം മറച്ചുവെക്കാനാണ്, സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ സെക്ഷനിലുണ്ടായ തീപ്പിടുത്ത സംഭവത്തെ ഉപയോഗിച്ച് ബി ജെ പിയും കോണ്‍ഗ്രസ്സും കലാപത്തിന് ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്. 

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് ബി ജെ പിയും കോണ്‍ഗ്രസും സംയുക്തമായി കലാപത്തിന് വേണ്ടി ശ്രമിക്കുന്നുവെന്നത് ഗൗരവമുള്ള കാര്യമാണ്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വളരെ പെട്ടെന്ന് തന്നെ അവിടെ എത്തിച്ചേരുകയും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്.

പ്രോട്ടോക്കോള്‍ ഓഫീസിലെ തീപ്പിടുത്തത്തില്‍ ഏതാനും പേപ്പറുകള്‍ മാത്രമാണ് ഭാഗികമായി കത്തിപ്പോയതെന്ന് വ്യക്തമായിട്ടും കള്ളക്കഥ മെനഞ്ഞെടുക്കാനാണ് ഇവര്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമിച്ചത്. ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഇ-ഫയല്‍ സംവിധാനത്തിലായതുകൊണ്ട് ഏതെങ്കിലും ചില കടലാസുകള്‍ കത്തിയാല്‍ പോലും സുപ്രധാനമായ ഒരു രേഖയും നഷ്ടപ്പെടുകയില്ല. ഈ കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് നുണപ്രചരണത്തിനും കലാപത്തിനും വേണ്ടി പ്രതിപക്ഷം ഇറങ്ങി തിരിച്ചിട്ടുള്ളത്.

ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഉന്നതതലത്തിലുള്ള വിവിധ സംഘങ്ങളെ ഗവണ്‍മെന്റ് തന്നെ നിയോഗിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നേതാക്കന്മാര്‍ വാര്‍ത്ത പുറത്തുവന്ന നിമിഷം തന്നെ സംഭവസ്ഥലത്ത് എത്തിചേര്‍ന്നത് സംശയാസ്പദമാണ്. ഇത്തരത്തിലുള്ള ഏത് സംഭവത്തെ ഉപയോഗിച്ചുകൊണ്ടും കലാപം സൃഷ്ടിക്കുക എന്നതാണ് യു ഡി എഫിന്റെയും ബി ജെ പിയുടേയും ലക്ഷ്യം. കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ഇവര്‍ ഒത്തുചേര്‍ന്ന് ആക്രമണങ്ങള്‍ നടത്തുന്നത്. 

ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെയും ബി ജെ പി നേതാക്കളുടെയും ഇടപെടല്‍ സംബന്ധിച്ചുകൂടി പരിശോധിക്കണം. സെക്രട്ടേറിയറ്റില്‍ കയറി ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണം.നിയമസഭയില്‍ പരാജയപ്പെട്ടതിന്റെ രോഷം തീര്‍ക്കാന്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാണ്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Follow Us:
Download App:
  • android
  • ios