Asianet News MalayalamAsianet News Malayalam

മുത്തലാഖിനോട് യോജിപ്പില്ല, ആ അനാചാരം അവസാനിപ്പിക്കണം, സിപിഎമ്മിന് വ്യക്തമായ നയമുണ്ടെന്നും കോടിയേരി

സിവിൽസ്വഭാവമുള്ള ഒരു കാര്യത്തിൽ മുസ്ലിം സമുദായത്തിലെ ഒരാളെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടയ്‌ക്കുന്നത്‌ ഭരണക്രമത്തിലെ ഇരട്ടത്താപ്പാകും.

kodiyeri balakrishnan fb post about  triple talaq
Author
Thiruvananthapuram, First Published Aug 2, 2019, 3:17 PM IST

തിരുവനന്തപുരം: മുത്തലാഖ് വിഷയത്തില്‍ സിപിഎമ്മിന് വ്യക്തമായ നയമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒറ്റയടിക്ക്‌ മൂന്നുപ്രാവശ്യം തലാഖ്‌ ചൊല്ലുന്ന മുസ്ലിം സമുദായത്തിലെ അനാചാരത്തോട്‌ അശേഷം യോജിപ്പില്ല. ഈ അനാചാരം മുസ്ലിംസ്‌ത്രീകളെ കണ്ണീർ കുടിപ്പിക്കുന്ന പാതകമാണ്‌. ഇത്‌ എത്രയും വേഗം പര്യവസാനിപ്പിക്കണമെന്നും കോടിയേരി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 

വിവാഹബന്ധം വേർപെടുത്തുക എന്നത്‌ മുസ്ലിം പുരുഷനെ ജയിലിൽ അടയ്‌ക്കുന്ന ക്രിമിനൽ കുറ്റമായി ഇന്ത്യൻ ശിക്ഷാനിയമത്തിൽ രേഖപ്പെടുത്തുന്നതോടെ മുസ്ലിംസ്‌ത്രീയുടെ വിവാഹാവകാശം സംരക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പാക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. വിവാഹവും വിവാഹമോചനവും ഹിന്ദു ഉൾപ്പെടെയുള്ള മതങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തിൽ തീർത്തും വ്യക്തിനിഷ്‌ഠവും സിവിൽസ്വഭാവം ഉള്ളതുമാണ്‌. എന്നിട്ടും സിവിൽസ്വഭാവമുള്ള ഒരു കാര്യത്തിൽ മുസ്ലിംസമുദായത്തിലെ ഒരാളെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടയ്‌ക്കുന്നത്‌ ഭരണക്രമത്തിലെ ഇരട്ടത്താപ്പാകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

മൂന്നുതവണ ലോക്സഭ പാസാക്കിയിട്ടും രാജ്യസഭയില്‍ പാസാകാതിരുന്ന ബില്‍ ഇത്തവണ രാജ്യസഭയെന്ന കടമ്പയും കടന്നിരിക്കുകയാണ്. കടുത്ത എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ചാണ് മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റ് കടത്തിയത്. നേരത്തെ ലോക്സഭ പാസാക്കിയ ബില്‍  ജൂലൈ 30നാണ് രാജ്യസഭ പാസാക്കിയത്. എളമരം കരീം, ദിഗ് വിജയ് സിംഗ് എന്നിവർ കൊണ്ടുവന്ന ഭേദഗതി നിർദ്ദേശങ്ങള്‍ 84 നെതിരെ 100 വോട്ടുകൾക്കാണ് രാജ്യസഭ തള്ളിയത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

(ഒന്ന്‌) ഒറ്റയടിക്ക്‌ മൂന്നുപ്രാവശ്യം തലാഖ്‌ ചൊല്ലുന്ന മുസ്ലിം സമുദായത്തിലെ അനാചാരത്തോട്‌ അശേഷം യോജിപ്പില്ല. ഈ അനാചാരം മുസ്ലിംസ്‌ത്രീകളെ കണ്ണീർ കുടിപ്പിക്കുന്ന പാതകമാണ്‌. ഇത്‌ എത്രയും വേഗം പര്യവസാനിപ്പിക്കണം.

(രണ്ട്‌) മുത്തലാഖ്‌ അനാചാരം അവസാനിപ്പിക്കുന്നതിന്‌ ഭരണനടപടികൾക്കു പുറമെ, ആ സമുദായത്തിലെ നവോത്ഥാനവാദികൾമാത്രമല്ല, എല്ലാ മനുഷ്യസ്‌നേഹികളും മുന്നോട്ടുവരണം. ഇക്കാര്യത്തിൽ ആദ്യമായി മുന്നിട്ടിറങ്ങിയതിൽ സിപിഐ എമ്മിന്‌ സവിശേഷമായ പങ്കുണ്ട്‌. 1980കളുടെ രണ്ടാംപകുതിയിൽ സിപിഐ എം നേതാക്കൾക്കുനേരെ പൊതുവിലും ഇ എം എസിനെതിരെ പ്രത്യേകിച്ചും നടത്തിയ അപവാദങ്ങളും മുദ്രാവാക്യങ്ങളും മറക്കാനാകില്ല. ‘അഞ്ചും കെട്ടും പത്തും കെട്ടും ഇ എം എസിന്റെ ഭാര്യയെയും കെട്ടും’ എന്ന മുദ്രാവാക്യം വിളിച്ച്‌ ഒരുവിഭാഗം നടത്തിയ പ്രകടനത്തിന്റെ അന്തസ്സില്ലായ്‌മ ഇന്നും ശേഷിക്കുന്നു. മുത്തലാഖിന്റെ മനുഷ്യത്വരാഹിത്യത്തിലും സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെയും സിപിഐ എം നേതൃത്വത്തിൽ നടന്ന ക്യാമ്പയിൻ ദേശവ്യാപകമായിത്തന്നെ മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗത്തെ ശരിയായ പാതയിലെത്തിക്കാൻ സഹായിച്ചു. മുത്തലാഖിന്റെ കാര്യത്തിൽ അന്ന്‌ സ്വീകരിച്ച നിലപാടുതന്നെയാണ്‌ സിപിഐ എം ഇന്നും തുടരുന്നത്‌.

(മൂന്ന്‌) ഇപ്പോഴത്തെ മുത്തലാഖ്‌ ബില്ലിന്‌ മറയായി കേന്ദ്രസർക്കാർ സ്വീകരിച്ചത്‌ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധിയെയാണ്‌. മൂന്ന്‌ തലാഖ്‌ ചൊല്ലിയുള്ള പുരുഷന്റെ വിവാഹമോചന ഏർപ്പാട്‌ മുസ്ലിം സ്‌ത്രീകളെ അപരിഷ്‌കൃതവസ്‌തുവായി കാണുന്നതാണെന്നും അത്‌ നിയമവിരുദ്ധമാണെന്നുമുള്ള സുപ്രീംകോടതിവിധിയെ സിപിഐ എം സ്വാഗതം ചെയ്യുന്നു. ഈ വിധിയോടെ മുത്തലാഖ്‌ നിയമവിരുദ്ധമായിക്കഴിഞ്ഞിരുന്നു. എന്നാൽ, അതിനെ പിന്തുടർന്ന്‌ അസാധാരണ വ്യവസ്ഥയോടെ പാർലമെന്റ്‌ നിയമം നിർമിക്കുമ്പോൾ അതിനുമുമ്പായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കുക, പൊതുജനങ്ങളിൽനിന്നുള്ള നിർദേശം പരിഗണിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണമായിരുന്നു. അതിന്‌ മോഡി സർക്കാർ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ്‌ സ്‌ത്രീസംരക്ഷണത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ഈ ബിൽ പാർലമെന്റിന്റെ സെലക്ട്‌ കമ്മിറ്റി പരിശോധിക്കണമെന്ന നിർദേശം ഇടതുപക്ഷം മുന്നോട്ടുവച്ചത്‌.

(നാല്‌) നിയമവിരുദ്ധ വിവാഹമോചനം ഏത്‌ ഘട്ടത്തിലായാലും അതിന്‌ നിയമപരമായ പരിഹാരമുണ്ടാക്കുകയാണ്‌ വേണ്ടത്‌. അതിനൊപ്പം, ജനകീയ ഇടപെടലും അവബോധവും ആവശ്യമാണ്‌. വിവാഹബന്ധം വേർപെടുത്തുക എന്നത്‌ മുസ്ലിംപുരുഷനെ ജയിലിൽ അടയ്‌ക്കുന്ന ക്രിമിനൽ കുറ്റമായി ഇന്ത്യൻ ശിക്ഷാനിയമത്തിൽ രേഖപ്പെടുത്തുന്നതോടെ മുസ്ലിംസ്‌ത്രീയുടെ വിവാഹാവകാശം സംരക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പാക്കാനാകില്ല. വിവാഹവും വിവാഹമോചനവും ഹിന്ദു ഉൾപ്പെടെയുള്ള മതങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തിൽ തീർത്തും വ്യക്തിനിഷ്‌ഠവും സിവിൽസ്വഭാവം ഉള്ളതുമാണ്‌. എന്നിട്ടും സിവിൽസ്വഭാവമുള്ള ഒരു കാര്യത്തിൽ മുസ്ലിംസമുദായത്തിലെ ഒരാളെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടയ്‌ക്കുന്നത്‌ ഭരണക്രമത്തിലെ ഇരട്ടത്താപ്പാകും.

മുസ്ലിംസ്‌ത്രീകളുടെ സംരക്ഷണമെന്ന പേരിൽ മോഡിയും കൂട്ടരും ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന കാര്യം എല്ലാ വിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്താനുള്ള കടമ നമുക്കുണ്ട്‌.

Follow Us:
Download App:
  • android
  • ios