തിരുവനന്തപുരം: വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുകൊണ്ടാണ് കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതെന്ന് കോടിയേരി ബാലകൃഷ്ണൻ. 70 വർഷക്കാലമായി കശ്മീർ ജനത അനുഭവിക്കുന്ന അവകാശം ഒറ്റ ദിവസം കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയത്. കശ്മീരിനുള്ള പ്രത്യേക പദവി ഭരണഘടന അനുവദിച്ചതാണ്. അമേരിക്കൻ പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് കേന്ദ്രത്തിന്‍റെ നടപടിയെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

ആകാശവും കടലും ഭൂമിയും കോര്‍പ്പറേറ്റ്‍ വല്‍ക്കരിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലേതെന്നും കോടിയേരി വിമര്‍ശിച്ചു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനികൾക്ക് നൽകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സംസ്ഥാന സർക്കാരിന് കൈമാറാൻ കേന്ദ്രം തയ്യാറാവുന്നില്ലെന്നും കോടിയേരി പറഞ്ഞു. യുപിഎ ഭരണകാലത്ത് പ്രഖ്യാപിച്ച പദ്ധതികൾക്ക് പോലും കേന്ദ്രം ബജറ്റിൽ പണം നീക്കിവയ്ക്കുന്നില്ലെന്നും കോടിയേരി ആരോപിച്ചു. റബ്ബർ കർഷകരോട് കേന്ദ്രത്തിന് വിവേചനമാണെന്നും ബജറ്റ് വിഹിതം അനുവദിക്കാതെ സ്വാഭാവിക മരണത്തിന് പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം വിട്ടുകൊടുക്കുകയാണെന്നും കോടിയേരി വിമര്‍ശിച്ചു.