തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത വിപ്ലവ നക്ഷത്രം ഗൗരിയമ്മക്ക് നൂറ്റിരണ്ടാം പിറന്നാള്‍ ആശംസകളെന്ന് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പെണ്ണുശിരാണ് കെ ആര്‍ ഗൗരി. തൊഴിലാളി വര്‍ഗത്തിന്റെ മോചനത്തിനുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച ചെന്താരകമെന്നും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ഉദിച്ചുയര്‍ന്ന പെണ്‍സൂര്യനെന്നും കോടിയേരി ഗൗരിയമ്മയെ വിശേഷിപ്പിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത വിപ്ലവ നക്ഷത്രം ഗൗരിയമ്മയ്ക്ക് നൂറ്റിരണ്ടാം പിറന്നാള്‍. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പെണ്ണുശിരാണ് കെ ആര്‍ ഗൗരി. തൊഴിലാളി വര്‍ഗത്തിന്റെ മോചനത്തിനുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച ചെന്താരകം.

1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗം. മണ്ണില്‍പ്പണിയെടുക്കുന്ന അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ഉദിച്ചുയര്‍ന്ന പെണ്‍സൂര്യന്‍. അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളില്‍ മാളങ്ങളിലൊളിക്കാതെ ജനതയുടെ ഹൃദയതാളമായി അവരോടൊപ്പം ആശ്വാസമായി ചേര്‍ന്നു നിന്ന മനുഷ്യ സ്‌നേഹി. ഭരണ നൈപുണ്യത്തിന്റെ പ്രതീകമായി കേരളം അടയാളപ്പെടുത്തിയ സ്ത്രീശബ്ദം.

ലോകത്തിന്റെ ആവേശമായി, ജ്വലിക്കുന്ന ജീവിത പ്രകാശം പകര്‍ന്ന് നമുക്ക് വഴികാട്ടിയായി പോരാട്ടത്തിന്റെ പര്യായമായ കെ ആര്‍ ഗൗരിക്ക് ജന്‍മദിനാശംസകള്‍.