Asianet News MalayalamAsianet News Malayalam

നടപടി വൈകുന്നതിൽ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചു, മന്ത്രിയോട് രാജി ആവശ്യപ്പെട്ടത് കോടിയേരി

അഭ്യൂഹങ്ങൾക്കും മാരത്തണ്‍ ച‍ര്‍ച്ചകൾക്കും ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കുമെന്ന് വ്യക്തമായി. നി‍ര്‍ണായക പ്രഖ്യാപനത്തിനായി അൽപസമയത്തിനകം മന്ത്രി മാധ്യമങ്ങളെ കാണും എന്ന് അറിയിപ്പ് വന്നു

Kodiyeri demands Saji Cherian to resign after central leadership conveys dissatisfaction
Author
Thiruvananthapuram, First Published Jul 6, 2022, 5:56 PM IST

ദില്ലി: ഭരണഘടനയ്ക്ക് എതിരായ പരാമർശങ്ങളെ തുടർന്നുള്ള വിവാദത്തിൽ മന്ത്രി സജി ചെറിയാനെതിരെ നടപടി വൈകുന്നതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇത് അറിയിച്ചതിന് പിന്നാലെയാണ് സിപിഎം മന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രി സജി ചെറിയാനോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്.

അഭ്യൂഹങ്ങൾക്കും മാരത്തണ്‍ ച‍ര്‍ച്ചകൾക്കും ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കുമെന്ന് വ്യക്തമായി. നി‍ര്‍ണായക പ്രഖ്യാപനത്തിനായി അൽപസമയത്തിനകം മന്ത്രി മാധ്യമങ്ങളെ കാണും എന്ന് അറിയിപ്പ് വന്നു. വാ‍ര്‍ത്താസമ്മേളനത്തിൽമന്ത്രി രാജിവയ്ക്കും എന്നാണ് സൂചന. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് സജി ചെറിയാൻ്റെ രാജി. മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ മന്ത്രി രാജിക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. 

ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമർശങ്ങളില്‍ കടുത്ത നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തിരുന്നു.. സംസ്ഥാന നേതൃത്വം ഉചിതമായ നടപടി പ്രഖ്യാപിക്കുമെന്ന്  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് രാവിലെ പറഞ്ഞിരുന്നു. ഭരണഘടന സംരക്ഷിക്കണമെന്ന ആഹ്വാനങ്ങള്‍ക്കിടെയുണ്ടായ വിവാദം ദേശീയതലത്തില്‍  സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണെന്നാണ് ദില്ലിയിലെ വിലയിരുത്തൽ

ബിജെപി സർക്കാർ  ഭരണഘടന മൂല്യങ്ങള്‍ അട്ടിമറിക്കുന്നു എന്നാണ് ദേശീയതലത്തിൽ സിപിഎം പ്രചാരണം. ഭരണഘടന  സംരക്ഷിക്കുമെന്ന് ഉറപ്പാക്കാനുൾപ്പടെ വിശാല വേദി രൂപീകരിക്കണം എന്നാണ്  പാർട്ടി കോൺഗ്രസിനറെയും ആഹ്വാനം.ഇതിനിടെ കേരളത്തി. മന്ത്രിയായിരിക്കുന്ന പാർട്ടി നേതാവ് ഭരണഘടനയ്ക്കെതിരെ നടത്തിയ പരാമർശം പാർട്ടിയെ ദേശീയതലത്തിലും പ്രതിരോധത്തിലാക്കുകയാണ്.  സംസ്ഥാന നേതാക്കളുമായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിച്ചു. അവയിലബിൾ പിബിയും പ്രസ്താവന അനാവശ്യം എന്നാണ് വിലയിരുത്തിയത്. മാതൃകാപരമായ നടപടി വേണം എന്നാണ് പല നേതാക്കളുടെയും വികാരം അന്തിമ തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടു. 

പരാമർശങ്ങള്‍ വിവാദമായതിന് തൊട്ടു പിന്നാലെ ഇന്നലെ പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സജി ചെറിയാന്‍റേത് നാവ് പിഴയാണെന്ന് ന്യായീകരിച്ചിരുന്നു. സംസ്ഥാന ഘടകത്തിൻറെ വികാരമാണ് ബേബി പ്രകടിപ്പിച്ചത്. എന്നാൽ കേന്ദ്രനേതാക്കൾക്കെല്ലാം ഇതേ അഭിപ്രായമല്ല എന്ന സൂചന യെച്ചൂരിയുടെ വാക്കുകൾ നല്കുന്നു.  മന്ത്രിയുടെ പരാമർശം ഇതിനോടകം ദേശീയ തലത്തിലും ചർച്ചയായിട്ടുണ്ട്. കേവലം നാവ് പിഴയെന്ന ന്യായീകരണം പറഞ്ഞ് ഒഴിയുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ ഗൗരവമായ നടപടിയുണ്ടാകണം എന്നാണ് നേതൃത്വം കരുതുന്നത്.  കോടതികളിൽ ഇക്കാര്യം പ്രതിരോധിക്കാനാകുമോ എന്ന സംശയവും നേതാക്കൾ ഉയർത്തുന്നു. 

Follow Us:
Download App:
  • android
  • ios