Asianet News MalayalamAsianet News Malayalam

സത്യാഗ്രഹം സ്വർണ്ണക്കടത്ത് അന്വേഷണം സ്വാധീനിക്കാൻ, മുരളീധരനെ പ്രധാനമന്ത്രി പുറത്താക്കണം: കോടിയേരി

സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്രസഹമന്ത്രി വി മുരളീധരനെ ചോദ്യം ചെയ്യണം. കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Kodiyeri demands to expel V Muraleedharan from Central Ministry
Author
Thiruvananthapuram, First Published Aug 3, 2020, 8:14 PM IST

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ സത്യാഗ്രഹം സ്വർണ കള്ളക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണൻ. മുരളീധരനെ നയതന്ത്ര ബാഗേജ് വിവാദത്തിൽ തിരുത്തിയ എൻഐഎ സംഘത്തെയും അന്വേഷണത്തിൽ നിന്ന് മാറ്റുമോ എന്ന് സംശയമുണ്ട്. വി മുരളീധരനെ ചോദ്യം ചെയ്യണം. കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

കേന്ദ്രമന്ത്രി വി മുരളീധരൻ്റെ കഴിഞ്ഞ ദിവസത്തെ സത്യാഗ്രഹവും തുടർച്ചയായ പ്രസ്താവനകളും സ്വർണ്ണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമാണ്. ഇത് പരസ്യമായ സത്യാപ്രതിഞ്ജാ ലംഘനം കൂടിയാണ്. 

കേന്ദ്ര ഏജൻസികളായ എൻഐഎ യും കസ്റ്റംസുമാണ് ഈ കേസ് അന്വേഷിക്കുന്നത്. അങ്ങനെയൊരു കേസിൽ കേന്ദ്ര മന്ത്രി തന്നെ പ്രത്യക്ഷ സമരത്തിൽ വരുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. 

യഥാർത്ഥത്തിൽ ആഭ്യന്തര മന്ത്രിയിലും ധനമന്ത്രിയിലും അവിശ്വാസം രേഖപ്പെടുത്തുകയാണ് വി മുരളീധരൻ ചെയ്തിരിക്കുന്നത്. എൻഐഎ അഭ്യന്തര മന്ത്രാലയത്തിൻ്റേയും കസ്റ്റംസ് ധനമന്താലയത്തിൻ്റേയും കീഴിലാണ് പ്രവർത്തിക്കുന്നത്‌. വിദേശ സഹമന്ത്രിയായ മുരളീധരൻ സത്യാഗ്രഹം നടത്തിയതിലൂടെ കൂട്ടുത്തരവാദിത്തവും ലംഘിച്ചിരിക്കുന്നു. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മുരളിധരന് അവകാശമില്ല. 

മുരളീധരൻ മന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസത്തെ എൻഐഎയുടെ പത്രകുറിപ്പിൽ പ്രതിഫലിക്കുന്നത്. തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന്  പത്രകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു. കേസ്സിൻ്റെ തുടക്കം മുതൽ കഴിഞ്ഞ ദിവസം വരെ നയതന്ത്ര ബാഗേജല്ലെന്ന് ആവർത്തിച്ച മുരളീധരനെയാണ് എൻഐ എ പരസ്യമായി തള്ളിപ്പറഞ്ഞത്. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു എന്ന നുണ പറഞ്ഞ സുരേന്ദ്രനെ തിരുത്തിയ കസ്റ്റംസ് ഓഫീസറെ സ്ഥലം മാറ്റിയതു പോലെ മുരളീധരനെ തിരുത്തിയ എൻ ഐ എ സംഘത്തെ മാറ്റുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  മുരളീധരൻ മന്ത്രി സ്ഥാനത്ത് തുടരുന്നത് ഈ കേസിൻ്റെ സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നത് ഉറപ്പാണ്. 

മുരളീധരൻ മന്ത്രി സ്ഥാനം രാജിവെയ്ക്കാൻ  തയ്യാറാകുന്നില്ലെങ്കിൽ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. അന്വേഷണം വഴി തിരിക്കാൻ ശ്രമിച്ച മുരളീധരനെ ചോദ്യം ചെയ്യാനും തയ്യാറാകണം.

Follow Us:
Download App:
  • android
  • ios