തിരുവനന്തപുരം: 1970-കളുടെ തുടക്കത്തിലാണ് കണ്ണൂര്‍ കോടിയേരി ഒണിയൻ സര്‍ക്കാര്‍ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥി എസ്എഫ്ഐയുടെ പൂര്‍വ്വ രൂപമായ കെഎസ്എഫിന് അവി‌ടെ ഒരു യൂണിറ്റ് ആരംഭിക്കുന്നത്. കെഎസ്എഫ് യൂണിറ്റി‌ടാൻ നേതൃത്വം നൽകിയ പയ്യൻ തന്നെ യൂണിറ്റിൻ്റെ ആദ്യ സെക്രട്ടറിയുമായി. 

ബാലകൃഷ്ണൻ എന്ന് പേരുള്ള ആ വിദ്യാര്‍ത്ഥി കോടിയേരി ബാലൃഷ്ണൻ എന്ന സിപിഎം നേതാവായി വളര്‍ന്ന് തുടങ്ങിയത് അവിടെ നിന്നാണ്. എസ്എഫ്ഐ രൂപീകരണ സമ്മേളനത്തിൽ തുടങ്ങി ഡിവൈഎഫ്ഐ ഭാരവാഹിത്വങ്ങളിലൂടെ വളര്‍ന്ന് 1988ലെ ആലപ്പുഴ സംസ്ഥാനസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് വരെയും അതിന് ശേഷവും പിണറായി വിജയന് ശേഷം സിപിഎം രാഷ്ട്രീയത്തിലെ താരോദമായിരുന്ന കോടിയേരി ബാലകൃഷ്ണൻ.

പാർലമെന്‍ററി രംഗത്തും സംഘടനാ രംഗത്തും തിളങ്ങിയപ്പോഴും മക്കൾ വിവാദങ്ങളായിരുന്നു എന്നും  കോടിയേരിക്ക് ബാധ്യത. ഇപ്പോൾ മൂന്ന് മാസങ്ങളുടെ ഇടവേളയിൽ തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വന്നു നിൽക്കുന്ന അതി നിർണ്ണായക ഘട്ടത്തിൽ പാ‍ർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കൊണ്ട് അസാധാരണമായ ഒരു ചരിത്രമാണ് കോടിയേരി കുറിക്കുന്നത്..

വിദ്യാർത്ഥി കാലം മുതൽ വിജയങ്ങളും ഉയർച്ചയും മാത്രം കണ്ടാണ് ബാലകൃഷ്ണൻ എന്ന കോടിയേരിക്കാരൻ രൂപപ്പെടുന്നത്. എസ്എഫ്ഐ കാലത്ത് തലശേരി എംഎൽഎ ആയത് മുതൽ 2011നിയമസഭാ തെരഞ്ഞെടുപ്പ് വരെയും മത്സരിച്ച തെരഞ്ഞെടപ്പുകളിലെല്ലാം വിജയം. വെല്ലുവിളികളും തടസ്സങ്ങളുമില്ലാതെ സിപിഎമ്മിലും സ്ഥാനക്കയറ്റങ്ങൾ. 

നേതാക്കളെ കൊണ്ട് നിറഞ്ഞ കണ്ണൂർ പാർട്ടിയിൽ പിണറായിയുടെ പിന്ഗാമിയായി എത്തിയ കോടിയേരി സംസ്ഥാന രാഷ്ട്രീയത്തിലും പിണറായിയുടെ ഉറച്ച  വിശ്വസ്തനായി. എന്നാൽ രാഷ്ട്രീയ ശൈലിയിൽ പിണറായിയുടെ പരുക്കൻ പ്രതിച്ഛായ പിൻഗാമി പിന്തുടർന്നില്ല. ചിരിക്കുന്ന മുഖവും സരസമായ പ്രതികരണങ്ങളുമായി കോടിയേരി പ്രിയങ്കരനായി. കൊടിയ വിഭാഗീയ കാലത്ത് വിഎസിനെ മുഖ്യമന്ത്രിയാക്കാൻ നിർബന്ധിക്കപ്പെട്ടപ്പോഴും പാർട്ടി കോടിയേരിയെ രണ്ടാമനാക്കി. 

പിണറായിക്ക് ശേഷം പൊളിറ്റ്ബ്യൂറോ അം​ഗത്വം പ്രതീക്ഷിച്ച അര ഡസൻ നേതാക്കളെ മറികടന്ന് 2012-ലെ കോയമ്പത്തൂർ പാർട്ടി കോണ്‍ഗ്രസിലും കോടിയേരി താരോദയമായി.ഭരണതലത്തിലും സംഘടനാ തലത്തിലും തിളങ്ങുമ്പോഴും കുടുംബവുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു കോടിയേരിയുടെ ബാധ്യത.

ഇളയമകൻ ബിനീഷിന് പിന്നാലെ മൂത്ത മകൻ ബിനോയി  കേസുകളിൽ നിറഞ്ഞപ്പോഴും തളരാതെ കോടിയേരി പിടിച്ചുനിന്നു. അപ്രതീക്ഷിതമായി എത്തിയ അർബുദം മുഴുവൻ സമയ പ്രവർത്തനങ്ങളെ ബാധിച്ചപ്പോഴും രോഗത്തോട് പൊരുതി കൊടിയേരി തിരിച്ചെത്തി.

പാർട്ടി നേതൃത്വം ഒപ്പം നിൽക്കുമ്പോഴും കമ്മ്യൂണിസ്റ്റ് ജീവിതക്രമം കുടുംബത്തിൽ പോലും കൊണ്ടുവരാൻ കഴിയാത്ത സെക്രട്ടറി എന്ന പൊതുവികാരം  ഉയരുന്നതാണ് കോടിയേരിയെ അസ്വസ്ഥമാക്കുന്നത്. നിർണ്ണായക തെരഞ്ഞെടുപ്പുകളിൽ മക്കളുടെ ചെയ്തികൾ സിപിഎമ്മിനെ ബാധിക്കുമെന്ന വിലയിരുത്തലുകളും ധാർമ്മികതയും ആജഞാ ശക്തിയും നഷ്ടപ്പെട്ട സെക്രട്ടറിയായി തുടരുന്നതിലും നല്ലത് മാറി നിൽക്കാം എന്ന തീരുമാനത്തിലേക്ക് കോടിയേരി എത്തുന്നതും ഈ സമ്മർദ്ദത്തിലാണ്.‍ 

പിണറായി ഗ്രാമവും കോടിയേരിയും തമ്മിലുള്ള അകലം 13 കിലോമീറ്ററാണ്. എന്നാൽ  സിപിഎമ്മിൽ അകലങ്ങളില്ലാത്ത നേതാക്കളാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. ഇനിയുമൊരു തിരിച്ചുവരവിനും ഈ ആത്മബന്ധമാണ് കോടിയേരിക്ക് ഇന്ധനം.