കൊല്ലം: കൊല്ലം ബൈപ്പാസ് കുരുതിക്കളമായപ്പോള്‍ കുരീപ്പുഴ സ്വദേശി സുജിതയ്ക്ക് അമ്മയെ നഷ്ടമായി. പരസഹായമില്ലാതെ ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലേക്ക് മത്സ്യത്തൊഴിലാളിയായ സോമരാജനെയെത്തിച്ചതും ബൈപ്പാസിലുണ്ടായ അപകടം.

വാഹനങ്ങളുടെ അമിത വേഗത്തിൽ സുജിതയ്ക്ക് നഷ്ടമായത് അമ്മയെയാണ്. സുമംഗല റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. തലയ്ക്കും കൈകാലിനും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വിവാഹിതയായി ഒരു വര്‍ഷം തികയും മുമ്പ് കുരീപ്പുഴ സ്വദേശി അശ്വതി വിധവയായതിന് കാരണവും കൊല്ലം ബൈപ്പാസിലെ അപകടം. ഗര്‍ഭിണിയായ അശ്വതിയെ ഡോക്ടറെ കാണിച്ച ശേഷം ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴാണ് ഭര്‍ത്താവ് അജിത് കൃഷ്ണൻ അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബൈക്ക് അജിത്തിന്‍റെ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. അജിത്തിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ കിട്ടാനും വൈകി.

മത്സ്യത്തൊഴിലാളിയായ സോമരാജന്‍റെ ജീവിതം പരസഹായമില്ലാതെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത ഗതിയിലാക്കിയതും കൊല്ലം ബൈപ്പാസിലെ യാത്ര. രാത്രി ജോലിക്ക് പോകുമ്പോഴാണ് അപകടം. 19 ദിവസം ആശുപത്രിയിലായിരുന്നു. കുരീപ്പുഴ, കല്ലുംതാഴം, മങ്ങാട്, കാവനാട് എന്നീ മേഖലകളിലാണ് അപകടങ്ങളിലേറെയും നടക്കുന്നത്.