കൊല്ലം: മലയാളമറിയാത്ത മറുനാടൻ തൊഴിലാളികൾ കൊല്ലം കരവാളൂരിൽ വൈദ്യുതി ബോർഡിന് നൽകിയത് എട്ടിൻ്റെ പണി. വഴിയരികിൽ കിടന്ന വൈദ്യുതി പോസ്റ്റും ചേർത്ത് റോഡ് കോൺക്രീറ്റ് ചെയ്ത തൊഴിലാളികളുടെ നടപടിയാണ് കെഎസ്ഇബിക്ക് വിനയായത്.

റോഡ് കോൺക്രീറ്റ് ചെയ്യാനേ പറഞ്ഞിരുന്നുള്ളൂ. മലയാളമറിയാത്ത തൊഴിലാളികൾ അത് വൃത്തിയായി ചെയ്തു. പക്ഷേ റോഡരികിൽ കിടന്നിരുന്ന വൈദ്യുതി പോസ്റ്റും കൂടി ചേർത്ത് കോൺക്രീറ്റിംഗ് ചെയ്തതാണ് കെഎസ്‍ഇബിക്ക് വിനയായത്. പോസ്റ്റ് ഒഴിവാക്കി കോൺക്രീറ്റ് ചെയ്യണമെന്ന് നാട്ടുകാരിൽ ചിലർ നല്ല മലയാളത്തിൽ തൊഴിലാളികളോട് പറഞ്ഞിരുന്നു. പക്ഷേ ബംഗാളി തൊഴിലാളികൾക്ക് നാട്ടുകാരുടെ മലയാളം മനസിലാകാതെ പോയി.

സംഭവം അറിഞ്ഞെത്തിയ കെഎസ്ഇബിക്കാർ ഒടുവിൽ കോൺക്രീറ്റ് കുത്തിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയ പോസ്റ്റ് പുറത്തെടുത്തത്. മലയോര ഹൈവേയുടെ നിർമാണത്തിനിടെയായിരുന്നു കെഎസ്ഇബിക്ക് എട്ടിൻ്റെ പണി കിട്ടിയത്.