Asianet News MalayalamAsianet News Malayalam

കൊല്ലം തട്ടിക്കൊണ്ടുപോകൽ കേസ്; കുട്ടിയെ ഓട്ടോയിൽ കൊണ്ടുവന്ന സ്ത്രീയുടെ ഉൾപ്പെടെ 3 രേഖാ ചിത്രങ്ങൾ പുറത്ത്

പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ച് വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പൊലീസിന്‍റെ 9497980211 എന്ന നമ്പറിൽ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.

Kollam kidnapping case; Police released more sketches
Author
First Published Nov 30, 2023, 6:33 PM IST

കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്‍റെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും ഓട്ടോയിൽ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടു വിട്ട സ്ത്രീയുടെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. 

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ആറു വയസ്സുകാരിയുടെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് ആറു വയസ്സുകാരി പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടു സ്ത്രീകളുടെയും  ഒരു പുരുഷന്‍റെയും രേഖാചിത്രങ്ങള്‍ പുറത്തുവിട്ടത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ച് വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പൊലീസിന്‍റെ 9497980211 എന്ന നമ്പറിൽ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇതിനിടെ, ആറു വയസ്സുകാരി കൊല്ലം വിക്ടോറിയ ആശുപത്രി വിട്ടു. തട്ടിക്കൊണ്ടുപോയി 20മണിക്കൂറിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കൊല്ലം ആശ്രാമത്തെ മൈതാനത്ത് ഉപേക്ഷിച്ചത്. തുടര്‍ന്ന് കുട്ടിയെ ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും നിരീക്ഷണത്തിനായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രി വിട്ട ആറു വയസ്സുകാരിയെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് മൊഴിയെടക്കും. പൊലീസ് സുരക്ഷയിലാണ് കുടുംബത്തിന്‍റെ യാത്ര. 

ഇതിനിടെ, കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ  ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. റെജിയുടെ ഒരു ഫോൺ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്. സംഭവത്തിൽ നാല് ദിവസമായി കുറ്റവാളികൾക്ക് പുറകിലുള്ള പൊലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പർ എങ്ങനെ കിട്ടി, പ്രതികൾ പത്ത് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരമായി ചോദിച്ചത് തുടങ്ങി നിരവധി സംശയം പൊലീസിനുണ്ട്. ഇവയെല്ലാം തീർക്കാൻ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 10 വർഷമായി റെജി ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്ലാറ്റിലാണ് റെജി താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ പൊലീസെത്തി പരിശോധിച്ചത്. റെജി ഉപയോഗിച്ചിരുന്ന ഒരു ഫോൺ ഈ ഫ്ലാറ്റിലുണ്ടായിരുന്നു. അതാണ് പൊലീസ് കൊണ്ടുപോയത്. മറ്റെന്തെങ്കിലും ഇവിടെ നിന്ന് കണ്ടെടുത്തോയെന്ന് വ്യക്തമല്ല.

സംശയങ്ങൾ തീർക്കാൻ എല്ലാ സാധ്യതയും പരിശോധിക്കണമെന്ന് പൊലീസ് പറയുന്നു. പ്രതികളുടെ ഉദ്ദേശം മറ്റെന്തെങ്കിലുമായിരുന്നോയെന്നാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അച്ഛന്റെ പശ്ചാത്തലം കൂടി പരിശോധിക്കുന്നത്. റെജി പത്തനംതിട്ടയിലെ ഫ്ലാറ്റിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് പോവുകയും തിങ്കളാഴ്ച രാവിലെ തിരികെ വരുന്നതുമായിരുന്നു പതിവ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയാണ് റെജി. ഈ സ്ഥാനവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊല്ലത്തെ തട്ടിക്കൊണ്ടുപോകല്‍ കേസ്, 6വയസ്സുകാരിയുടെ നിര്‍ണായക മൊഴി, സംഘത്തില്‍ 2സ്ത്രീകള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios