താനാണ് കൊലപാതകങ്ങളെല്ലാം നടത്തിയതെന്ന് ജോളി സഹോദരന്മാരോട് കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ഇന്ന് വീണ്ടും രഹസ്യ മൊഴിയെടുക്കും. മുഖ്യ പ്രതി ജോളിയുടെ സഹോദരനായ നോബിള്‍, സഹോദരി സിസിലിയുടെ ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യമൊഴിയാണ് അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തുക. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാലിൽ വൈകുന്നേരം മൂന്നിനാണ് മൊഴിയെടുപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജോളിയുടെ രണ്ട് സഹോദന്മാരുടെ രഹസ്യമൊഴി ബുധനാഴ്ച മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. താനാണ് കൊലപാതകങ്ങളെല്ലാം നടത്തിയതെന്ന് ജോളി സഹോദരന്മാരോട് കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. അതേസമയം, അന്നമ്മ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിൽ ഉള്ള ജോളിയെ ഇന്നലെ കോഴിക്കോട് വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

താനാണ് കൊലപാതകങ്ങളെല്ലാം നടത്തിയതെന്ന് കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളി സഹോദരന്മാരോട് കുറ്റസമ്മതം നടത്തിയിരുന്നു. കൂടത്തായി, കോട‍ഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകള്‍ തുറന്ന് പരിശോധിക്കുന്നതിന് രണ്ട് ദിവസം മുമ്പാണിത്. ഇത് സംബന്ധിച്ച് സഹോദരങ്ങള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ജോളിയുടെ ബന്ധുക്കളുടെ രഹസ്യമൊഴിക്കായി അപേക്ഷ നല്‍കിയത്.

ജോളിയുടെ സഹോദരന്മാരായ ജോസ്, ബാബു എന്നിവരുടെ രഹസ്യമൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ടാണിത്. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാലാണ് ക്രിമിനല്‍ നടപടിച്ചട്ടം 164 വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തിയത്.

ഭര്‍ത്താവ് റോയിയടക്കം ആറ് പേരേയും കൊലപ്പെടുത്തിയത് താനാണെന്നും പറ്റിപ്പൊയെന്നും ജോളി ഇടുക്കി കട്ടപ്പനയിലെ വീട്ടിലെത്തിയാണ് തുറന്ന് സമ്മതിച്ചത്. രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും സഹോദരങ്ങള്‍ മൊഴി നല്‍കിയിരുന്നു. രഹസ്യമൊഴിയിലും സഹോദരങ്ങള്‍ ഇത് ആവര്‍ത്തിക്കുന്നതിലൂടെ ജോളിക്കെതിരെയുള്ള നിര്‍ണ്ണായക തെളിവായി ഇത് മാറും.