കോഴിക്കോട്: കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് റോയ് തോമസ് വധക്കേസിൽ കുറ്റപത്രം 31 ന് സമർപ്പിക്കും. താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം നൽകുക. പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രമാണിത്. കേസില്‍ നാലു പ്രതികളാണുളളത്. ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാന്‍ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുളളത്. റോയ് തോമസിന്‍റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കൊലപാതകത്തില്‍ മാത്യുവിനും പ്രജുകുമാറിനും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 

വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് മനോജിനെ പ്രതിയാക്കിയിരിക്കുന്നത്.  കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും വൈകാതെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. പ്രമാദമായ കേസ് ആയതുകൊണ്ട് തന്നെ പഴുതുകളെല്ലാം അടച്ചുകൊണ്ടുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.