നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാൻ ശേഷിയില്ലാതെ ബാങ്ക് ബാധ്യതയില്‍ ആയതെങ്ങനെയെന്ന സഹകരണ വകുപ്പ് അന്വേഷണമാണ് ‍വായ്പാ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. 

പത്തനംതിട്ട: സിപിഎം ഭരിച്ചിരുന്ന പത്തനംതിട്ട കൊറ്റനാട് സര്‍വീസ് സഹകരണ ബാങ്കിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും വ്യാജ വായ്പയുടെ പേരിൽ നടത്തിയത് 13 കോടിയുടെ തട്ടിപ്പ്. സഹകരണ വകുപ്പിന്റെ കണ്ടെത്തലിന് പിന്നാലെ നിക്ഷേപകരുടെ പരാതിയിൽ പ്രതികള്‍ക്കെതിരെ കേസ് എടുത്തെങ്കിലും അന്വേഷണവും എങ്ങുമെത്തിയില്ല. നിക്ഷേപകര്‍ക്ക് ആറു മാസത്തിനം പണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഒരു കൊല്ലം കഴിഞ്ഞിട്ടും നടപ്പായില്ല.

കൊറ്റനാട് സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ കൊള്ളയിൽ തോമസ് മാത്യു എന്നയാള്‍ക്ക് നഷ്ടമായത് 11 ലക്ഷം രൂപയാണ്. തോമസ് മാത്യുവിനെ പോലെ പണം പോയ നിക്ഷേപകരിൽ പ്രവാസികളും വിമുക്തഭടന്മാരും കര്‍ഷകരും സാധാരണക്കാരുമുണ്ട്. നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാൻ ശേഷിയില്ലാതെ ബാങ്ക് ബാധ്യതയില്‍ ആയതെങ്ങനെയെന്ന സഹകരണ വകുപ്പ് അന്വേഷണമാണ് ‍വായ്പാ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. 

2017 ൽ നടത്തിയ ഓഡിറ്റിലാണ് സിപിഎം ഭരിച്ചിരുന്ന ബാങ്കിൽ മുൻ ഭരണ സമിതി പ്രസിഡന്‍റും അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ വായ്പാ തട്ടിപ്പ് കണ്ടെത്തിയത്. കൃത്യമായ ഈടില്ലാതെ രണ്ടു മുതൽ 10 ലക്ഷം വരെയുള്ള 80 വ്യാജ വായ്പകള്‍. ഭൂരിഭാഗവും ഭരണ സമിതി അംങ്ങളുടെ ബന്ധുക്കളുടെ പേരിലാണ് എടുത്തിരുന്നത്. മുമ്പ് വായ്പ എടുത്തവരുടെ പേരിലും അവരറിയാതെ അംഗങ്ങളും ജീവനക്കാരും വായ്പയെടുത്തെന്ന് അസി.റജിസ്ട്രാര്‍ കണ്ടെത്തി.

കരുതൽ ധനം പോലുമില്ലാതെ ബാങ്ക് കടുത്ത പ്രതിസന്ധിയിലായിരുന്നപ്പോഴും തട്ടിപ്പ് തുടര്‍ന്നെന്നും റിപ്പോര്‍ട്ടിലുണ്ട് . ബാങ്ക് കടുത്ത ബാധ്യതയിലായതോടെ നിക്ഷേപകരുടെ പണവും പോയി. കൂട്ടത്തോടെ പൊലീസിൽ പരാതിയെത്തി. സെക്രട്ടറി ഇൻ ചാർജ് എംഎം തോമസ്, ജീവനക്കാരൻ സിഎച്ച് ഇസ്മെയിൽ, ഭരണ സമിതി പ്രസിഡന്റ് പിപി രാജൻ, ബോർഡ് അംഗങ്ങളായ മത്തായിക്കുട്ടി, ബി ഗിരീഷ്കുമാർ എന്നിവരെ പ്രതി ചേര്‍ത്തതൊഴിച്ചാൽ പിന്നെയൊന്നും നടന്നില്ല. നിലവിൽ അഡ്മിനിസ്ട്രേറ്റര്‍ ഭരിക്കുന്ന ബാങ്ക്, ജില്ലാ ബാങ്കിനും മറ്റു ബാങ്കുകള്‍ക്കും കോടികളുടെ വായ്പാകുടിശ്ശികയും തിരിച്ചടയ്ക്കാനുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.