ആശുപത്രിയിൽ നേരത്തെയും ഇവരെ കണ്ടിട്ടുണ്ട്. കുഞ്ഞിനെ അവർ സ്തെതസ്കോപ്പ് വച്ച് പരിശോധിച്ചു, എല്ലാ ചികിത്സ രേഖകളും വിശദമായി പരിശോധിച്ചു. എന്നിട്ടാണ് മഞ്ഞനിറം നോക്കാനെന്ന പേരിൽ കുഞ്ഞിനെ വാങ്ങിയത്.
കോട്ടയം: കോട്ടയത്ത് നവജാത ശിശുവിനെ (New Born Baby) അമ്മയുടെ കയ്യിൽനിന്ന് മോഷ്ടിച്ച സംഭവത്തിൽ ആശുപത്രിക്ക് (Hospital) ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് അമ്മയും അച്ഛനും. വണ്ടിപ്പെരിയാർ സ്വദേശികളായ ശ്രീജിത്തും അശ്വതിയും ഇപ്പോഴും സംഭവത്തിന്റെ നടുക്കത്തിലാണ്. ആശുപത്രി സെക്യൂരിറ്റിക്ക് മുന്നിലൂടെയാണ് കുഞ്ഞിനെ കടത്തിയതെന്നാണ് കുഞ്ഞിന്റെ അമ്മ അശ്വതി പറയുന്നത്. ഇപ്പോൾ ആശുപത്രിയിൽ കഴിയാൻ ഭയമാണെന്നും അശ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നീതു മുറിയിലെത്തിയത് ഡോക്ടറുടെ വേഷത്തിൽ സ്റ്റെതസ്കോപ്പുമായിട്ടാണെന്ന് പറയുന്നു അശ്വതി. ആശുപത്രിയിൽ നേരത്തെയും ഇവരെ കണ്ടിട്ടുണ്ട്. കുഞ്ഞിനെ അവർ സ്തെതസ്കോപ്പ് വച്ച് പരിശോധിച്ചു, എല്ലാ ചികിത്സ രേഖകളും വിശദമായി പരിശോധിച്ചു. എന്നിട്ടാണ് മഞ്ഞനിറം നോക്കാനെന്ന പേരിൽ കുഞ്ഞിനെ വാങ്ങിയത്. ആദ്യമെടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു അത് കൊണ്ട് പാല് നൽകാൻ ആവശ്യപ്പെട്ടു. പാല് കൊടുത്ത് ഉറക്കിയ ശേഷമാണ് കുഞ്ഞിനെ നൽകിയത്. പരിശോധന മുറി മുകളിലത്തെ നിലയിലാണ് അങ്ങോട്ട് പോകുന്നതിന് പകരം താഴേക്ക് പോയപ്പോഴാണ് സംശയം തോന്നിയതെന്നാണ് അശ്വതി പറയുന്നത്.
കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം തനിക്ക് ഒരു തവണ മാത്രമേ കയറി കാണാൻ പറ്റിയിട്ടുള്ളൂവെന്ന് പറയുന്നു അച്ചൻ ശ്രീജിത്ത്. കർശന നിയന്ത്രണമാണ്, പക്ഷേ ഇങ്ങനെയുള്ളപ്പോൾ ആളുകൾ കയറിപ്പോയത് എന്ത് കൊണ്ട് ആരും ശ്രദ്ധിച്ചില്ലെന്നാണ് ശ്രീജിത്തിന്റെ ചോദ്യം.
നീതു ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ
കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച നീതു കാമുകൻ ഇബ്രാഹിം ബാദുഷയെ പരിചയപ്പെട്ടത് ടിക് ടോക്കിലൂടെയാണ്. വിവാഹ മോചിതയാണെന്നാണ് ഇബ്രാഹിമിനോട് നീതു പറഞ്ഞത്. ഇബ്രാഹിമിന്റെ വീട്ടുകാർക്കും നീതുവിനെ അറിയാമായിരുന്നു. ഗർഭിണിയായ കാര്യം നീതു ഭർത്താവിനെയും ഇബ്രാഹിമിനെയും അറിയിച്ചിരുന്നു. എന്നാൽ ഗർഭം അലസിയ കാര്യം ഭർത്താവിനെ മാത്രമേ അറിയിച്ചുള്ളൂ, ഇബ്രാഹിമിനെ അറിയിച്ചില്ല. വിവരമറിഞ്ഞാൽ ഇബ്രാഹിം ബന്ധത്തിൽ നിന്ന് പിന്മാറുമെന്ന് നീതു ഭയന്നു.
നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് ഇബ്രാഹിമിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടിയാണ്. ബാദുഷ വിവാഹ വാഗ്ദാനം നൽകി നീതുവിനെ വഞ്ചിച്ചു, മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു നീതുവിന്റെ ശ്രമം. നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണ്ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി.
ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു.
കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശിൽപ വ്യക്തമാക്കിയിരുന്നു. പിന്നിൽ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്പി കൂട്ടിച്ചേർത്തു.
ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
